Tuesday, May 4, 2010

ചില തത്സമയ ചാനല്‍ സാഹസങ്ങള്‍!

ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നതെത്ര ശരിയാണെന്നത് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ കണ്ടപ്പോള്‍ ഒടുവില്‍ ബോധ്യമായി. വിലക്കയറ്റം, പണപ്പെരുപ്പം, ഖണ്ഡനോപക്ഷേപം, ലളിത് മോഡി, ഹര്‍ത്താല്‍, പി ജെ ജോസഫ് വാര്‍ത്താ ചാനലുകള്‍ക്ക് വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാത്ത വ്യാഴാഴ്ച മലയാ‍ളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ വലിയൊരു സാഹസം ചെയ്തു.
എട്ടു മാസമായി ഒരു കിണറില്‍ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന പട്ടിയെയും കോഴിയേയും പുറത്തെത്തിക്കാന്‍ ചാനലിലെ രണ്ട് ജേണലിസ്റ്റുകള്‍ ക്യാമറക്കാരനെയും കൂട്ടി ‘നേരോടെ നിരന്തരം നിര്‍ഭയം’ രംഗത്തിറങ്ങി. ഫയര്‍ഫോഴ്സും നാട്ടുകാരും എല്ലാം ചാനലില്‍ മുഖം കാണിക്കാനുളള ആവേശത്തില്‍ ആര്‍പ്പുവിളികളുമായി ജേര്‍ണലിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചതോടെ അത് തത്സമയ സം‌പ്രേക്ഷണം ചെയ്യാതെ ചാനലിന് നിവൃത്തിയില്ലെന്നായി!
ഒടുവില്‍ ഒരു ബുള്ളറ്റിനില്‍ മുഴുവന്‍ പട്ടിയെയും കോഴിയെയും പുറത്തെത്തിക്കാനുള്ള ശ്രമം തത്സമയം സം‌പ്രേക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ ശരിക്കും പരീക്ഷിച്ചു. കൂടിപ്പോയാല്‍ ഒരു ബുള്ളറ്റിനിലെ രസകരമായ രണ്ട് മിനിറ്റ് വാര്‍ത്തയില്‍ ഒതുങ്ങേണ്ട ഒരു സംഭവത്തെയാണ് എക്സ്ക്ലൂസീവായി അരമണിക്കൂര്‍ സം‌പ്രക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ കളിയാക്കിയത്.
ജേര്‍ണലിസ്റ്റുകളുടെ ആകാംക്ഷയും പ്രേക്ഷകരുടെ ക്ഷമയും അതിന്‍റെ ഉച്ചസ്ഥായിലെത്തിയ നിമിഷം ഫയര്‍ഫോഴ്സ് അതിസാഹസികമായി പട്ടിയെയും കോഴിയെയും പുറത്തെടുത്തു. കൂടി നിന്ന ജനക്കൂട്ടവും ലേഖികയും ഒരുപോലെ ആര്‍പ്പു വിളിച്ചു. തത്സമയം ചാനലിലൂടെ കണ്ടു നിന്ന പ്രേക്ഷകര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ‘നായയെ ഇതാ പുറത്തെടുത്ത് കഴിഞ്ഞിരിക്കുന്നു. അവന്‍ വളരെ ക്ഷീണിതനാണ്’ എന്ന് ജേര്‍ണലിസ്റ്റുകളിലൊരാള്‍ പറഞ്ഞത് പരിപാടി കണ്ടിരിക്കുന്നവരില്‍ ചിരിയുണര്‍ത്തിയിരിക്കുമെന്ന് തീര്‍ച്ച.
പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണെന്നും ജേര്‍ണലിസം ക്ലാസുകളിലെ പ്രാഥമിക പാഠമാണ്. എന്നാല്‍ ടെലിവിഷന്‍ യുഗത്തില്‍ പട്ടി കിണറില്‍ വീണാലും വാര്‍ത്തയാണെന്ന് ചാനല്‍ തെളിയിച്ചു.
എന്താണ് വാര്‍ത്തയാകുന്നത് എന്താണ് വാര്‍ത്തയാകേണ്ടതെന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന പ്രമുഖ ചാനലുകള്‍ കേരളത്തെ കണ്ടെത്തുന്നത് ഇങ്ങനെയായത് പ്രേക്ഷകരുടെ വിധിയെന്നല്ലാതെ എന്ത് പറയാന്‍. സഹജീവികളോടുളള സഹാനുഭൂതിയെന്ന് പറയാമെങ്കിലും ഇത് കുറച്ചു കടന്നു പോയില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
courtesy:www.malayalam.webdunia.com

3 comments:

  1. തത്സമയ സംപ്രേക്ഷണം കണ്ടില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസ് സ്പെഷ്യലില്‍ കണ്ടിരുന്നു ഈ വാര്‍ത്തയും ജേര്‍ണലിസ്റ്റുകളുടേ ആവേശവൂം....

    ReplyDelete
  2. രാത്രി വാര്ത്തയില് പട്ടിയെയും കോഴിയെയും അതിഥിയായി വിളിക്കുക കൂടി ചെയ്യാമായിരുന്നു.....

    ReplyDelete
  3. ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
    ഇതൊന്നു നോക്കൂ.

    ReplyDelete