Saturday, February 20, 2010

ഹേയ് ചാനല്‍ ഗേള്‍സ്, ഒരു മിനിറ്റ്!

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. മലയാളത്തിലെ വാര്‍ത്താ അവതാരകരായ ചില പെണ്‍കുട്ടികളുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും ഈ പഴമൊഴി ഓര്‍ക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. എത്രത്തോളം അശ്രദ്ധമാകാമോ അതിന്‍റെ പരമാവധി അശ്രദ്ധയോടെ വാര്‍ത്തകളെ ‘ഓണ്‍ എയറിലേക്ക്’ പറത്തി വിടാനാണ് പലര്‍ക്കും താല്പര്യം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുമായി ടെലിപ്രോംപ്റ്ററിനു മുന്നിലിരുന്ന പല പെണ്‍കുട്ടികളും ഒരു ദിവസം ഒരു അബദ്ധം എന്ന രീതിയില്‍ നല്ല പോലെ സ്കോര്‍ ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ പുതുമയൊന്നുമില്ലെങ്കിലും കേരളം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു ചില ചോദ്യങ്ങള്‍.

ഒരു ഉദാഹരണം. മലയാളിയെ സ്വകാര്യ ടെലിവിഷന്‍ ലോകത്തേക്ക് കൈപിടിച്ച് നടത്തിയവരുടെ വാര്‍ത്താചാനലിലാണ് സംഭവം. ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ വയനാട് കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട ദിവസം. ഏറ്റവും പുതിയ വിവരങ്ങളുമായി ഹൈക്കോടതിയുടെ മുമ്പില്‍ നിന്നും റിപ്പോര്‍ട്ടര്‍ ലൈവുമായി റെഡി. ന്യൂസ് സ്റ്റുഡിയോയിലിരിക്കുന്ന പെണ്‍കുട്ടി പതിവു പോലെ ചോദ്യം തുടങ്ങി.

വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യം കുറച്ച് ‘ആഴ’ത്തിലുള്ളതായിരുന്നു. ചോദ്യം ഇങ്ങനെ, ‘ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പറയൂ, എന്തൊക്കെയാണ് വിശദാംശങ്ങള്‍?’ ഓണ്‍ എയറിലേക്ക് ചോദ്യം പറത്തിവിട്ട് കൂളായി അവതാരക ഇരിക്കുകയാണ്. ആഴത്തിലുള്ള ഒരു ചോദ്യം ചോദിച്ചതിന്‍റെ ഭാവവും മുഖത്തുണ്ട്.

ചോദ്യം കേട്ട് ഹൈക്കോടതിയുടെ മുമ്പില്‍ ‘ലൈവാ’യി നിന്ന റിപ്പോര്‍ട്ടര്‍ പെണ്‍കുട്ടി ഒന്നു പരുങ്ങി. പക്ഷേ അവതാരകയുടെ അറിവില്ലായ്മയെ തിരുത്താനുള്ള മനസ്സ് റിപ്പോര്‍ട്ടര്‍ കാണിച്ചു. ഇടുക്കി ജില്ലാ കളക്ടറല്ല വയനാട് ജില്ലാ കളക്ടറാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.

ഭൂപ്രശ്നം രണ്ടിടത്തും സജീവമായി നില്ക്കുന്നതിനാല്‍ വയനാടും മൂന്നാറും ഒരുനിമിഷം ചിലപ്പോള്‍ മാറിപ്പോകാം. എങ്കിലും ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വാര്‍ത്തകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിടുമ്പോള്‍ കമ്പനിയോട് മാത്രമല്ല വാര്‍ത്തയോടും ജനങ്ങളോടും ഓരോ അവതാരകയും അവതാരകനും പ്രതിബദ്ധരാണ്. വാര്‍ത്താ അവതാരകര്‍ ടെലി പ്രോംപ്റ്ററില്‍ നോക്കി വാര്‍ത്ത വായിക്കുന്നത് ഇന്നും ഒരു വലിയ വിഭാഗം സാധാരണ ജനങ്ങള്‍ക്കും അദ്ഭുതമാണ്. ആ അദ്ഭുതം അങ്ങനെ തന്നെ നിലനില്ക്കട്ടെ.

എല്ലാ കാര്യങ്ങളെയുംക്കുറിച്ച് വ്യക്തമായ അറിവും ആഴത്തിലുള്ള അവബോധവും ഓരോ വാര്‍ത്താ അവതാരകര്‍ക്കും വേണം. മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിലും മേയ്ക്കപ്പ് ശരിയാക്കുന്നതിലും ഡ്രസ്സിനു ചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണിക്കുന്നതിന്‍റെ പകുതി ശ്രദ്ധയും ബോധവും ന്യൂസ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കില്ല.

പ്രോംപ്റ്ററിന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍ പലരും സ്വന്തം പ്രായോഗിക ബുദ്ധി ഉപയോഗിക്കാനും ശ്രദ്ധിക്കാറില്ല. തലക്കെട്ടുകള്‍ വായിച്ചു കഴിയുമ്പോള്‍ ടെലിപ്രോംപ്റ്ററിന് എന്തെങ്കിലും സംഭവിച്ചാല്‍ അന്തം വിട്ടിരിക്കുന്ന അവതാരകരോ പരസ്പരം ബന്ധമില്ലാത്ത വാചകങ്ങളോ ആയിരിക്കും മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്നത്.

മലയാളത്തിലെ ആദ്യ മുഴുവന്‍സമയ വാര്‍ത്താചാനലില്‍ തലവാചകം പറഞ്ഞതിനു ശേഷം കേട്ട വാര്‍ത്ത ഇങ്ങനെ. ‘ശമ്പള കമ്മീഷന്‍ തടയണ പൊളിക്കുമോ എന്ന് ഇന്നറിയാം. ബി ജെ പി നിര്‍വ്വാഹക സമിതി ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക’. വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണോ ഇതിന് കാരണം. അല്ല ന്യൂസ് സ്റ്റുഡിയോയില്‍ ബുദ്ധി ഒട്ടുമേ ഉപയോഗിക്കുന്നില്ലെന്നത് തന്നെ. അവതാരകരെ, എന്തെങ്കിലും ചോദിച്ച് പറഞ്ഞ് പോകാനുള്ള റിഹേഴ്സല്‍ നാടകവേദിയല്ല ന്യൂസ് സ്റ്റുഡിയോ. നിങ്ങള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹമുണ്ടെന്ന് മറക്കരുത്.

ട്വന്‍റി 20 ക്രിക്കറ്റിനെ രണ്ടായിരത്തി ഇരുപത് ക്രിക്കറ്റായി മാറ്റിയ മിടുക്കിയും നമ്മുടെ വാര്‍ത്തചാനലുകള്‍ക്ക് മാത്രം സ്വന്തം. ‘ക്ഷമിക്കണം’ എന്ന വാക്ക് മലയാളത്തിലുള്ളതു കൊണ്ട് എന്ത് പറഞ്ഞാലും അതെടുത്ത് വീശാം. വാര്‍ത്താ അവതാരകരെ നിങ്ങളോട് ക്ഷമിക്കാനും പൊറുക്കാനുമല്ല ജനം വാര്‍ത്ത കാണുന്നത്. വാര്‍ത്തയെ അതിന്‍റെ വ്യക്തതയോടെയും ആധികാരിതയോടു കൂടിയും അറിയുവാനാണ്.

വാര്‍ത്തകളെക്കുറിച്ചും സമകാലിക വര്‍ത്തമാനത്തെക്കുറിച്ചും ബോധമുള്ളവരാണ് നിങ്ങള്‍. കുടുംബത്തിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണും. പക്ഷേ, ന്യൂസ് സ്റ്റുഡിയോയില്‍ നിങ്ങള്‍ വാര്‍ത്തകളെ അടിമകളാക്കണം. പറയുന്ന ഓരോ വാക്കും എന്താണെന്ന് മനസ്സിലുണ്ടാവണം. ഒന്നു ശ്രമിച്ചു നോക്കൂ. ന്യൂസ് സ്റ്റുഡിയോയിലെ ബ്ലണ്ടറുകള്‍ ആവര്‍ത്തിക്കാതിരിക്കൂ. രാജേശ്വരി മോഹന്‍, മായ, അളകനന്ദ, അനുപമ എന്നിവരെ പോലുള്ള മികച്ച വര്‍ത്താ അവതാരകരുടെ പിന്‍മുറക്കാര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജോയ്സ് ജോയ്

Thursday, February 11, 2010

ഗിരീഷ്‌ പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍.

ആരോ  വിരല്‍  മീട്ടി  മനസ്സിന്‍  മണ്‍  വീണയില്‍ 
ഏതോ  വിഴി  നീരിന്‍  ശ്രുതി  മീടുന്നു  മൂകം 
തളരും  തനുവോടെ 
ഇടറും  മനമോടെ 
വിടവാങ്ങുന്ന  സന്ധ്യേ  
വിരഹാദ്രയായ  സന്ധ്യേ


പാതി  മാഞ്ഞ   മഞ്ഞില്‍  പതുക്കെ പെയ്തൊഴിഞ്ഞ   മഴയില്‍  
കാറ്റില്‍  മിന്നി  മായും  വിളിക്കായ്   കാത്തു  നില്പതു  ആരെ 
നിന്നുടെ  മോഹ  ശകലം  പീലി  ചിറകൊടിഞ്ഞ    ശലഭം 
മനസ്സില്‍  മെനഞ്ഞു  മഴവില്ലുമായ്കും  ഒരു  പാവം  കണ്ണീര്‍  മുകിലായ് നീ ........

ഗിരീഷ്‌  പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍ എന്‍ ഓര്‍മ്മയില്‍ നിന്നും..........
മരിച്ചിടുന്ന നാള്‍ എന്‍ മരണ നാളായിരിക്കും.......

Monday, February 8, 2010

മമ്മൂട്ടി വെറുക്കപ്പെടേണ്ടവനോ?....

സിനിമയില്‍ വിവാദങ്ങള്‍ പതിവാണെങ്കിലും സാധാരണ വിവാദങ്ങള്‍ പലപ്പോഴും സിനിമാ അവാര്‍ഡ് വിതരണത്തെച്ചൊല്ലിയാണ് ഉണ്ടാവാറ്. പക്ഷെ മഹാനായ നടന്‍ തിലക‍ന്‍ പതിവ് തെറ്റിച്ചിരിക്കുന്നു, ഒന്നിച്ച് ഒരേ കാമറക്ക് മുമ്പില്‍ ഒരേ ഫ്രെയിമില്‍ അഭിനയിക്കുന്ന നടീനടന്മാര്‍ തമ്മില്‍ സ്ക്രീനില്‍ നാം കാണുന്ന സൌഹ്യദം ഒന്നും ഉണ്ടാവാറില്ലെങ്കിലും പൊതുവേദികളിലും മറ്റും അവര്‍ സൌഹ്യദം നടിക്കാറാണ് പതിവ് അല്ലെങ്കില്‍ അവിടെയും അവര്‍ക്ക് അഭിനയികേണ്ടി വരുന്നു. പക്ഷെ ഇതുവരെ അവര്‍ പരസ്പരം തുറന്ന കുറ്റപ്പെടുത്തലുകള്‍ക്ക് മുതിരാറില്ല, കൂടാതെ മറ്റു നടീനടന്‍മാരുടെ അഭിനയത്തെയും സ്വഭാവത്തെയും പറ്റി തുറന്ന വേദിയില്‍ കുറ്റപ്പെടുത്തറില്ല. ഒരിക്കല്‍ നടന്‍ ജഗതി അതിനു ശ്രമിച്ചുവെങ്കിലും പിന്നീട് ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയതാണ് കണ്ടത്.

എന്നാല്‍ തിലകന്‍റെ പോക്ക് കണ്ട് സംഗതി ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. മുമ്പ് ഇതേ പരാതിയുമായി വന്ന അദ്ദേഹം സൂപ്പര്‍താരങ്ങളെ വെല്ലുവിളിച്ചെങ്കിലും എല്ലവരെയും അല്‍ഭുതപ്പെടുത്തി പിന്നീട് അദ്ദേഹം തന്നെ അവരുടെ കൂടെ അഭിനയിക്കുന്നതാണ് നാം കണ്ടെത്. പഴശ്ശിരാജ, ഇവിടം സ്വര്‍ഗ്ഗമാണ്, ദ്രോണ എന്നിവ ഉദാഹരണം. പക്ഷെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത് വിനയന്‍റെ സിനിമയില്‍ അഭിനയിച്ച പ്രശ്നത്തിന്‍റെ പേരില്‍ തിലകന്‍ വീണ്ടും വാളെടുത്തിരിക്കുന്നു. ഇക്കുറി അദ്ദേഹം തന്‍റെ "നിഗൂഡ ലക്ഷ്യം" സാക്ഷാല്‍ക്കരിക്കുന്നതുവരെ പിന്‍മാറുന്ന പ്രശ്നമില്ല എന്നാണ് തോന്നുന്നത്.

യഥാര്‍ത്തത്തില്‍ എന്താണ് തിലകന്‍റെ പ്രശ്നം എന്നത് (അഥവാ അദേഹത്തിന്‍റെ അന്തിമ ലക്ഷ്യം) പലരെയും പോലെ എനിക്കും മനസ്സിലാവുന്നില്ല. അദ്ദേഹം പലപ്പോഴും അവിടെയും ഇവിടെയും തൊടാതെയുള്ള പത്രസമ്മേളനങ്ങളിലും ഇന്‍റര്‍വ്യൂകളിലും അദ്ദേഹം ലക്ഷ്യമിടുന്നത് സൂപ്പര്‍താരങ്ങളെയും ചില സൂപ്പര്‍ സംവിധായകരെയും ആണെങ്കിലും യഥാര്‍ത്തത്തില്‍ ആരുടെ നേര്‍ക്കാണ് അദ്ദേഹം വിരള്‍ ചൂണ്ടുന്നത് എന്ന് പൂര്‍ണ്ണമായും മനസ്സിലാവുന്നില്ല എങ്കിലും ചിലപ്പോള്‍ മമ്മൂട്ടിയോ അല്ലെങ്കില്‍ ദിലീപോ ആണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ അവര്‍ എന്ത് ചെയ്തു എന്ന് അദ്ദേഹം തുറന്നു പറയുന്നുമില്ല.

മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന നടന്‍മാരില്‍ തീര്‍ച്ചായും മമ്മൂട്ടിക്ക് മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം കൂടാതെ അഭിനയത്തിന്‍റെ കാര്യത്തിലാണെങ്കിലും അത് അദ്ദേഹം തെളിയിച്ചതാണ്. ഇനി തിലകനല്ല അദ്ദേഹത്തിന്‍റെ ഉപ്പാപ്പ വന്ന് മമ്മൂട്ടിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ പോലും സമ്മതിച്ചു എന്ന് വരില്ല. 25 വര്‍ഷത്തിലേറെയായി മലയാളത്തില്‍ പയറ്റിത്തെളിഞ്ഞ മമ്മൂട്ടിയെപറ്റി പേര് തെളിച്ചു പറയുന്നില്ല എങ്കിലും അദ്ദേഹം പറയുന്ന പലകാര്യങ്ങളും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് പ്രയാസം കാണും. ഇന്നലെ തിലകന്‍ പറഞ്ഞത് മമ്മൂട്ടി മറ്റുള്ളവരെ രണ്ടര മണിക്കൂര്‍ കാത്തു നിര്‍ത്തി പള്ളിയില്‍ നിസ്ക്കരിക്കാന്‍ പോയി എന്നാണ്, ഒരു ദൈവ വിശ്വാസിയെ സംബന്ഡിച്ച് ചിലപ്പോള്‍ വെള്ളിയാഴ്ച നമസ്ക്കാരമാണെങ്കില്‍ അത് പള്ളിയില്‍ പോയി നിസ്ക്കരിക്കേണ്ടത് നിര്‍ബന്‍ഡമായ കാര്യമാണ് അത് ദൈവനിഷേധിയായ തിലകന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടിയെന്ത് പിഴച്ചു. പിന്നെ സെറ്റില്‍നിന്നും മമ്മൂട്ടി പോവുമ്പോള്‍ തീര്‍ച്ചയായും ബന്ഡപ്പെട്ടവരോട് അറിച്ചിട്ടുമുണ്ടാവും. അത് തിലകനോട് ചോദിക്കാതെ പോയതുകൊണ്ടാണോ അദ്ദേഹത്തിന്‍റെ പ്രയാസം എന്ന് തോന്നുപ്പോവും തിലകന്‍റെ പ്രതികരണം കണ്ടാല്‍.

മൊത്തത്തില്‍ കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ മമ്മൂട്ടിയെ പൊതുജനത്തിനുമുമ്പില്‍ നാറ്റിക്കുക അല്ലെങ്കില്‍ വെറുക്കപ്പെട്ടവനാക്കുക എന്നതാണ് തിലകന്‍റെ ലക്ഷ്യം എന്ന് തോന്നിപ്പോവും. ഏതായായും മികച്ച പ്രതികരണബോധമുള്ള വിനയന്‍ ഇതുവരെ പ്രതികരിച്ച് കാണുന്നുമില്ല. എല്ലാം JUST WAIT AND SEE

courtesy:സഹജീവി 

Saturday, February 6, 2010

സാനിയ മിര്‍സയുടെ കാമുകന്‍‌മാര്‍!


ടെന്നീസ് താരം സാനിയ മിര്‍സയുടെ വിവാഹം ഉപേക്ഷിച്ച വാര്‍ത്തയുടെ പിന്നാമ്പുറക്കഥകള്‍ ചികഞ്ഞുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ മാധ്യമങ്ങള്‍. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ അനുബന്ധമായ ഗോസിപ്പ് കഥകളിലൂടെ ഈ റിപ്പോര്‍ട്ടിന് നിറം പകരാന്‍ മാധ്യമലോകം ശ്രമിച്ചിരുന്നു. പ്രധാനമായും അവര്‍ പരതിയത് സാനിയയുടെ പൂര്‍വ്വകാല ഗോസിപ്പുകഥകളിലെ കാമുകന്‍‌മാരെയാണ്. ടെന്നീസ് താരം മഹേഷ് ഭൂപതിയും ബോളിവുഡ് താരം ഷാഹിദ് കപൂറും പ്രതീക്ഷിച്ചപോലെ ഈ പട്ടികയില്‍ മുന്‍‌നിരക്കാരായി ഇടം പിടിച്ചു. വാര്‍ത്തകള്‍ (പ്രത്യേകിച്ച് സെലിബ്രിറ്റികളായ സ്ത്രീകളെ സംബന്ധിച്ചുള്ളവ) ലൈംഗികതയുടെ നിറം കലര്‍ത്തി വില്‍‌പനച്ചരക്കാക്കുന്ന മാധ്യമപ്രവണതയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ കാമുക പട്ടിക.
പിറ്റേന്നിറങ്ങിയ ഒരു മുന്‍‌നിര ദേശീയ മാധ്യമത്തിന്‍റെ കായികം പേജില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും നിറഞ്ഞുനിന്നത് സാനിയയുടെ വാര്‍ത്തയായിരുന്നു. ഈ പേജിലെ പ്രധാന തലക്കെട്ടില്‍ പത്രം അന്വേഷിച്ചത് സാനിയയുടെ തീരുമാനത്തിന് കാരണമെന്തെന്നായിരുന്നു. പ്രത്യേക കോളങ്ങളായി തിരിച്ച ഉപതലക്കെട്ടുകളില്‍ ഗോസിപ്പും കരിയറും ഉള്‍പ്പെടെ ഈ പത്രസ്ഥാപനത്തിലെ വിദഗ്ധ റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണത്തില്‍ തെളിഞ്ഞ കാരണങ്ങളും നിരത്തുന്നു. വാര്‍ത്തയെക്കുറിച്ച് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചൂടന്‍ ട്വീറ്റുകളും പത്രം അക്കമിട്ടു നിരത്തി. ഒപ്പം കഴിഞ്ഞകാല കഥകളുടെ വിശദമായ അവതരണവും.
ഭൂപതി അടുത്തിടെ വിവാഹമോചനം നേടിയതാണ് സാനിയയുമായി ചേര്‍ത്തുള്ള കഥയ്ക്ക് ബലം നല്‍കാന്‍ വേണ്ടി മാധ്യമങ്ങള്‍ നിരത്തിയത്. ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതോടെ ഇരുവരും ഏറെ അടുത്തുപോയെന്നും മറ്റാരെക്കാളും ഭൂ‍പതിയുടെ അഭിപ്രായങ്ങളാണ് സാനിയ ചെവിക്കൊള്ളുന്നതെന്നും മാധ്യമങ്ങള്‍ വിവരിക്കുന്നു. പ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടുതന്നെ ജീവിതത്തിലെ കൂടുതല്‍ സമയവും ഭൂപതിയുമായി സാനിയയ്ക്ക് ചെലവിടേണ്ടിവരുന്നുണ്ടെന്നും ബംഗ്ലൂരില്‍ ഭൂപതി നടത്തുന്ന ടെന്നീസ് അക്കാദമിയിലാണ് സാനിയ പരിശീലനം നടത്തുന്നതെന്നുമായിരുന്നു ഇതിനോട് ചേര്‍ത്തുവെച്ച മറ്റു കഥകള്‍.

2007
ല്‍ ബാംഗ്ലൂരിലെ വിന്‍ഡ്സര്‍ ഷെറാ‍ട്ടണ്‍ ഹോട്ടലില്‍ സാനിയയെയും ബോളിവുഡ് താരം ഷാഹിദ് കപൂറിനെയും ഒരുമിച്ച് കണ്ടെന്നും പിന്നീട് ഒരുചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിന് ശേഷം ഇരുവരും ഒരു ഹോട്ടലില്‍ സമയം ചെലവഴിച്ചതായും സാനിയയുമായി ഡേറ്റിംഗ് നടത്താ‍റുണ്ടെന്ന ഷാഹിദിന്‍റെ സമ്മതവുമായിരുന്നു ഈ കഥയുടെ ചുരുക്കം. തെലുങ്ക് താരമായ നവ്ദീപ് പല്ലപോലുവുമായും ബന്ധപ്പെട്ട കഥകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു.
സിനിമാതാരങ്ങളാണ് മിക്കപ്പോഴും ഇത്തരം ഗോസിപ്പുവേട്ടകള്‍ക്ക് അധികവും ഇരയാകുന്നത്. സാധാരണക്കാരന്‍റെ കാഴ്ചപ്പാടില്‍ ഒരു മായിക ലോകത്തില്‍ കഴിയുന്ന ഇക്കൂട്ടരുടെ നിറം പിടിപ്പിച്ച കഥകള്‍ക്ക് പുറം‌ലോകത്തില്‍ ആവശ്യക്കാരും ഏറെയാണ്. നമുക്ക് ചുറ്റുമുള്ള ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന അല്ലെങ്കില്‍ ഒരു ഓഫീസില്‍ സംഭവിക്കാവുന്ന സാധാരണമായ സൌഹൃദങ്ങള്‍ മാത്രമാകും ഇതില്‍ തൊണ്ണൂ‍റു ശതമാനവും. എന്നാല്‍ മാധ്യമങ്ങളിലൂടെ ഈ കഥകള്‍ പുറം ലോകത്തെ ജനങ്ങളുടെ കൈകളിലേക്കെത്തുമ്പോള്‍ അതിന് മറ്റുമാനങ്ങള്‍ കല്‍‌പിക്കപ്പെടുന്നു.
ഒട്ടും അനുകരണീയമല്ലാത്ത ഒരു പാശ്ചാത്യ സംസ്കാരമാണ് ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പിന്തുടരുന്നത്. ബ്രട്ടീഷ് രാജകുമാരി ഡയാനയെ മരണത്തിലേക്ക് തള്ളിവിട്ട പാപ്പരാസിപ്പടയും അടുത്തിടെ ടൈഗര്‍ വുഡ്സിന്‍റെ വിവാഹേതര ബന്ധങ്ങള്‍ ചൂഴ്ന്നുനടന്ന മാധ്യമലോകവും ഏറ്റവുമൊടുവില്‍ സാനിയയുടെ കാമുകന്‍‌മാരെ തേടി നടക്കുന്ന ജേര്‍ണ്ണലിസ്റ്റുകളും തമ്മില്‍ വേഷത്തിലല്ലാതെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്ന് കാണാം. 
courtesy:www.malayalam.webdunia.com

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫാ മാപ്പ്......

ഒരു  വ്യക്തിയെ എങ്ങനെ കൊല്ലാം എന്ന് നമുക്ക് നമ്മുടെ മാധ്യമങ്ങള്‍ ബ്രെകിംഗ് ന്യൂസ്‌ ആയി കാണിച്ചു തന്നു...ഒരു വാര്‍ത്ത ഫ്ലാഷ് ന്യൂസും breaking ന്യൂസും ഒക്കെ ആയി കാണിക്കുമ്പോള്‍ അതിന്റെ വസ്തുത എന്താണെന്നു മനസ്സിലാക്കേണ്ട ബാധ്യത  നമ്മുടെ മാധ്യമങ്ങള്‍ മറന്നു പോകുന്നു...ആരെങ്കിലും വിളിച്ചു  പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന്‍ ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്...വസ്തുതകള്‍ മനസ്സിലാക്കാതെ ഇങ്ങനെ എത്ര വാര്‍ത്തകള്‍ ഇവര്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു തന്നു...എല്ലാം കഴിഞ്ഞു ഒരു ഖേദം....ഹനീഫാ......ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല...ഇവരോട് പൊറുക്കേണമേ .........