Saturday, October 30, 2010

ഹിജാബ് അണിഞ്ഞ മെമ്പര്‍മാര്‍

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ ഉദ്ദേഷിച്ചപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് മുസ്ലിം  ലീഗ്   എന്ന പാര്‍ട്ടിയുടെ  നിലപാടായിരുന്നു  .അവര്‍  എങ്ങനെ ഈ നിയമത്തെ അതിജീവിക്കും എന്നത് ഒരു ചര്‍ച്ചാ വിഷയം തന്നെയായിരുന്നു.മുസ്ലിം ലീഗിന് വനിതാ ലീഗ് എന്ന പേരില്‍ ഒരു ഉപ സംഘടന ഉണ്ട് എങ്കിലും കേരള രാഷ്ട്രീയ  മണ്ഡലത്തില്‍  വലുതായൊന്നും ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.പുരുഷ കേന്ദ്രീകൃതമായ ലീഗ്  നേതൃ  നിരയില്‍ അവര്‍ക്ക് എടുത്തു കാണിക്കാന്‍ ഒരു വനിതാ നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കേരള മുസ്ലിം സ്ത്രീകളുടെ 'അവകാശങ്ങള്‍' നേടിയെടുക്കാന്‍ എന്ന പേരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗം ആയിരുന്നു .ഈ അടുത്ത കാലത്തായി എന്‍ ഡി എഫിന്റെ വനിതാ വിഭാഗവും മുഖ്യധാരയില്‍ മുസ്ലിം സ്ത്രീകളെ  സങ്കടിപ്പിക്കുന്നതില്‍ മുന്നിട്ടു നിന്നിരുന്നു.മുസ്ലിം സ്ത്രീകള്‍ മുഖ്യ ധാരയില്‍ വരുന്നതിനെ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി അധികം പ്രോല്സാഹിപ്പിച്ചിട്ടില്ല.അതിനു കാരണം മതപരമായ വിലക്ക് തന്നെയായിരുന്നു.
പക്ഷെ 50 % സംവരണ നിയമം  പ്രാബല്യത്തില്‍  വരുത്തിയപ്പോള്‍  മുസ്ലിം ലീഗിന് ഹിജാബണിഞ്ഞ സ്ത്രീകളെ സ്ഥാനാര്‍ഥികള്‍ ആക്കാതെ  വേറെ വഴിയൊന്നും  ഇല്ലായിരുന്നു.എങ്കിലും അവര്‍ ചില  നിര്‍ദേശങ്ങള്‍ വനിതാ സ്ഥാനാര്തികള്‍ക്കായി വെച്ചു.ആറു മണിക്ക് ശേഷം വനിതാ മെമ്പര്‍മാര്‍ പുറത്തിറങ്ങരുത് എന്നത് അതില്‍ പ്രധാനമായിരുന്നു.സ്ത്രീകള്‍ ആദ്യം സേവിക്കേണ്ടത് സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയുമാണ് പിന്നെ മതി ജനങ്ങളെ സേവിക്കല്‍ എന്നതായിരുന്നു ലീഗിന്റെ നിലപാട്..അതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.

ഇന്നിപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ എണ്ണം എടുത്താല്‍ ഹിജാബണിഞ്ഞ സ്ത്രീകളുടെ ഒരു നീണ്ട നിര തന്നെ കാണാം.ആയിഷയും,ഫാത്തിമയും നഫീസയുമൊക്കെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മെമ്പര്‍മാരായി കാണാം.   മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന്റെ ഒരു വലിയ സൂചന തന്നെയാണിത്.ഏറ്റവും കൂടുതല്‍ മുസ്ലിം സ്ത്രീകളെ രംഗത്തിരക്കിയതും വിജയിപ്പിചെടുത്തതും മുസ്ലിം ലീഗ് ആണ് എന്നത് സന്തോഷകരം തന്നെ.33 % വനിതാ സംവരണം പ്രാബല്യത്തില്‍  വരുന്ന സ്ഥിതിക്ക് ഇനി മുസ്ലിം ലീഗിന് നിയമസഭാ തിരഞ്ഞെടുപ്പിലെക്കും ചിലപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെക്കും ഹിജാബണിഞ്ഞ സ്ത്രീകളുടെ ആവശ്യം കാണും..യു സി രാമന്‍ ലീഗ് സ്ഥാനാര്‍ഥിയായി  മത്സരിച്ചു വിജയിച്ചത് പോലെ ഇനി വനിതാ സംവരണ വാര്‍ഡില്‍ ലക്ഷ്മിയും ശാരദയും ഒക്കെ കോണി അടയാളത്തില്‍ മത്സരിക്കേണ്ട അവസ്ഥ വരുമോ എന്ന് കണ്ടറിയണം.ആ അവസ്ഥ വരാതിരിക്കണമെങ്കില്‍ പുരുഷ കേന്ദ്രീകൃതമായ ലീഗ് നേതൃ  നിരയില്‍ ഒരു മാറ്റം വന്നെ തീരൂ.


അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.

കൂടുതല്‍  വായനയ്ക്ക് :

പെണ്ണേ നിനക്കിത്രമാത്രം മതിയോ ???

വാല്‍:

ഒരു സുഹൃത്ത്‌ വഴി എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയ ഒരു മെയിലിലെ ഉള്ളടക്കം..

ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു.." അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക! മുസ്ലിം സഹോദരിമാരെ നരകത്തിലേക്ക് നയ്യിക്കുകയാണ് ഇവര്‍ .അള്ളാഹു നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ...ആമീന്‍,.."..ഇതും ശരിയല്ലേ ?


Sunday, October 10, 2010

ഫീമന്റെ "ഫ".....


വ്യാഴാഴ്ച രാത്രി വീകെന്റിന്റെ   മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു   പേര്‍.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു  പേര്‍ പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്‍.
പത്തനംതിട്ടക്കാര്‍ ലിജിനും ഫിന്നിയും.
തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന "ഭ"യുടെ ഉച്ചാരണം ആയിരുന്നു  ഞങ്ങളുടെ തുറുപ്പ് ചീട്ടു.ലിജിനാണേല്‍ വിടുന്ന ലക്ഷണമില്ല.ഭാര്യ എന്നല്ല "ഫാര്യ" എന്നാണു ശരിയായ  ഉച്ചാരണം എന്നവന്‍.

ലിജിന്‍:"നിങ്ങള്‍ വാര്‍ത്തയില്‍ ഒക്കെ   കേട്ടിട്ടില്ലേ  "ഫാര്യയെ വെട്ടിക്കൊന്നു","ഫാരതത്തിനു സ്വര്‍ണ്ണം എന്നൊക്കെ"..എല്ലാ വാര്‍ത്തയിലും ഫ എന്നാണു പറയുന്നത്"

ഞങ്ങള്‍ ഒരു കടലാസും പേനയും എടുത്തു അവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു..
മാതൃഭൂമി =Maathrubhoomi
മാതൃഫൂമി=Maathrufoomi
ഭ=bha
ഫ=fa 

ഫിന്നിക്ക് കാര്യം മനസ്സിലായി.പക്ഷെ ലിജിന്‍ വിടുന്ന ഭാവമില്ല.(അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഫാവമില്ല").
അവസാനം അവന്‍ പറഞ്ഞു നിങ്ങള്‍ "ഭ" എന്ന് കൃത്യമായി ഉപയോഗിക്കുന്നില്ല.."ബ" എന്നാണ് പറയുന്നത് എന്ന്..അവന്റെ സമാധാനത്തിനു ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു  കൊടുത്തു..എല്ലാം അങ്ങ് കഴിഞ്ഞു.


അപ്പോഴാണ് മറ്റൊരു പത്തനംതിട്ടക്കാരന്‍  ബൈജു റൂമില്‍ കേറി വന്നത്.അവന്‍ കാര്യം തിരക്കി.ഞങ്ങള്‍ പറഞ്ഞു "ഭ" യും "ഫ" യും തമ്മിലുള്ള പ്രശ്നമാണെന്ന്..

ബൈജു:"അപ്പോള്‍ നിങ്ങള്‍ "ഫീമനെ" എന്താണ് പറയുന്നത്??"
ഞങ്ങള്‍:"ഫീമനോ?..അതെന്താ?"
ബൈജു:"ഫീമനെ  അറിയില്ലേ?ഈ മഹാഫാരതത്തില്‍ ഒക്കെ  ഉള്ള ഫീമന്‍.."
പിന്നെ അവിടെ ഒരു ചിരിയുടെ മേളമായിരുന്നു..

Tuesday, October 5, 2010

യെന്തിരന്‍..(ഒരു റിവ്യൂ അല്ല )

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു രജനി പടം തിയേറ്ററില്‍ പോയിരുന്നു കാണണമെന്ന്.യെന്തിരന്‍ റിലീസ് ദിവസം തന്നെ കാണാന്‍ ശ്രമിച്ചു.നടന്നില്ല.അവസാനം ഇന്നലെ സെകണ്ട് ഷോ കാണാന്‍ പോയി.തീയേറ്ററില്‍ നല്ല തിരക്ക്.എങ്കിലും ടിക്കറ്റ്‌ കിട്ടാന്‍ വിഷമം ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ആറു പേര് ഉണ്ടായിരുന്നു.


അങ്ങനെ പടം തുടങ്ങി. സ്ക്രീനില്‍ രജനി എന്ന പേര് തെളിഞ്ഞപ്പോള്‍ തന്നെ ആരവം.എന്റെ തൊട്ടപ്പുറത്ത്  ഇരുന്നിരുന്നത്  ഒരു തടിമാടന്‍ തമിഴന്‍.ആദ്യ പകുതി വളരെ രസകരമായി പോയി.പ്രത്യേകിച്ച് കുഴപ്പം   ഒന്നും ഉണ്ടായിരുന്നില്ല.ഇന്റര്‍വെല്‍ സമയത്ത് കണ്ടവര്‍ പറഞ്ഞു നല്ല പടം.
ഇന്റര്‍വെല്ലിനു ശേഷം ബോറടിച്ചു തുടങ്ങി.പോരാത്തതിനു സെകണ്ട് ഷോ. ഉറക്കം വരുന്നു.ഇടയ്ക്കിടെ ഉറക്കം തൂങ്ങി താഴെ വീണു.ഒരു രജനീകാന്ത് പടം കാണുമ്പോള്‍ തീയേറ്ററില്‍ കിടന്ന ഉറങ്ങുന്നത് എങ്ങാനും തമിഴന്മാര്‍ കണ്ടാല്‍  എന്ത് വിചാരിക്കും എന്ത് കരുതി കണ്ട്രോള്‍  ചെയ്തിരുന്നു.പ്രത്യേകിച്ചും അടുത്തിരുന്ന ആ തടിമാടനെ പേടിച്ച് .9 .30 നു തുടങ്ങിയ പടം.വാച്ച്  നോക്കി.12 മണി.ഇപ്പൊ തീരുമായിരിക്കും.വില്ലന്‍ എല്ലാറ്റിനും റെഡി ആയി നില്‍ക്കുന്നു.പെട്ടെന്ന് ഐശ്വര്യയും രജനിയും കൂടി ഏതോ ഒരു ആദിവാസി സ്റ്റൈല്‍ ഗാനം.എല്ലാ പ്രതീക്ഷയും അസ്തമിച്ചു.പടം ഇപ്പോള്‍ തീരുന്ന ലക്ഷണം ഇല്ല.പണ്ടാരം.ഉറക്കം എന്നെ വിടുന്ന ലക്ഷണം ഇല്ല.ഞാന്‍ സുഗമായി ഉറങ്ങി.എണീറ്റ്‌ നോക്കുമ്പോള്‍ സ്ക്രീനില്‍ നിറയെ രജനി.ഉറങ്ങുമ്പോള്‍ ഉണ്ടായിരുന്നത് വെറും ഒരു രജനി മാത്രം.പിന്നെ ഒരു ബഹളമായിരുന്നു.ഗ്രാഫിക്സ് കൊണ്ടുള്ള കലക്കന്‍ കളി.ക്ലൈമാക്സ്‌ കാണാന്‍ കുഴപ്പമില്ലായിരുന്നു.അവിശ്വസനീയം എങ്കിലും..അതാണല്ലോ രജനി പടം.
പടം കഴിഞ്ഞു..ഇന്റര്‍വെല്‍ സമയത്ത് കേട്ട അഭിപ്രായങ്ങള്‍ അല്ല തീര്‍ന്നപ്പോള്‍  കേട്ടത്.നല്ലൊരു പടമായിരുന്നു.അത് ഓവറാക്കി കുളമാക്കി..
തിരുച്ചു കാറില്‍ റൂമിലേക്ക്‌ വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന,രജനി ഫാനായ ശ്രീജിത്തിനോട് ഞാന്‍ പറഞ്ഞു."ക്ലൈമാക്സ്‌ കാണാന്‍ നല്ല രസമായിരുന്നു..നല്ല ഗ്രാഫിക്സ്..അതിനു മുമ്പ് ഞാന്‍ അല്‍പ്പം  ഉറങ്ങിപ്പോയി.."
അവന്‍ പറഞ്ഞു.."ക്ലൈമാക്സ്‌ ഞാന്‍ കണ്ടില്ല..ഉറങ്ങിപ്പോയി..."Saturday, October 2, 2010

ദില്ലി ചലോ..അവിടെ എന്തോ നടക്കുന്നുണ്ട് ..ഒടുവില്‍ ആ ദിവസം എത്തി.നാളെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ചാള്‍സ് രാജകുമാരനും ചേര്‍ന്ന് 19 ആം കോ­മണ്‍­വെല്‍­ത്ത് ഗെയിംസിന് തിരി തെളിക്കും .6700ല്‍ അധികം വരുന്ന കായിക താരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുന്ന,ഇത് വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ഗെയിംസിനെ നമുക്ക് വരവേല്‍ക്കാം.


പാമ്പും പട്ടികളും കേറിയ ഗെയിംസ് വില്ലജ്.തകര്‍ന്നു വീണ മേല്‍ക്കൂരയും നടപ്പാലവും.അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നാണം കെടുക തന്നെ ചെയ്തു.


പക്ഷെ ഇന്ത്യ എന്ന രാജ്യത്തിന് മാത്രം കഴിയുന്ന രീതിയിലായിരുന്നു നമ്മള്‍ അതിനെ അതിജീവിച്ചത്.നമുക്ക് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് നാം അതിനെ അതിജീവിച്ചു.തകര്‍ന്ന നടപ്പാലം സൈന്യം പുനര്‍ നിര്‍മ്മിച്ചത് യുദ്ധകാലാടിസ്ഥാനത്തില്‍.ഇന്ത്യന്‍ സേനയുടെ ആയിരത്തോളം ജവാന്മാരും ആര്‍മിയുടെ എഞ്ചിനീയര്‍മാരും ചേര്‍ന്ന് നടപ്പാലം പുനര്‍ നിര്‍മ്മിച്ചത് വെറും 6 ദിവസം കൊണ്ട്."മദ്രാസ് സാപ്പെര്സ്" എന്നറിയപ്പെടുന്ന ആര്‍മിയുടെ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പിന് ആയിരം അഭിനന്ദനങ്ങള്‍.നിര്‍മ്മാണ സമയത്ത് തൊഴിലാളികള്‍ ഉപയോഗിച്ച് വൃത്തികേടാക്കിയ ഗെയിംസ് വില്ലേജിലെ മുറികളും ടോയിലെട്ടുകളും എല്ലാം ഇപ്പോള്‍ ഭദ്രം .


ദേശീയ മാധ്യമങ്ങളും ലോക മാധ്യമങ്ങളും നടത്തിയ "മീഡിയ നെഗറ്റിവിസം " ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തി എങ്കിലും എല്ലാം നമ്മള്‍ അതിജീവിച്ചിരിക്കുന്നു."ഞങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചത് തീര്‍ത്തും അസംബന്ധമായിരുന്നു എന്ന് ഇപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമായത്.ഇതിനു മുമ്പ് നടന്ന കോ­മണ്‍­വെല്‍­ത്ത് ഗെയിംസിനെ അപേക്ഷിച്ച് ഇവിടത്തെ സൌകര്യങ്ങള്‍ എത്രയോ ഭേദം" ഗെയിംസ് വില്ലേജില്‍ എത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ വാക്കുകളില്‍ നിന്നും തന്നെ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം..പാവം വിഡ്ഢികള്‍..നമ്മള്‍ നടത്തിയ പൊടിക്കൈകള്‍ അവര്‍ക്ക് മനസ്സിലായില്ല..


ഇന്ത്യ എന്ന ദരിദ്ര രാമന്മാരുടെ നാട്ടില്‍ നടക്കുന്ന ഗെയിംസിന്റെ നിലവാരം എത്രത്തോളം ആയിരിക്കും എന്ന തികഞ്ഞ ബോധത്തോടെ ആയിരുന്നു ആഗോള മാധ്യമങ്ങള്‍ ഈ ഗെയിംസിനെ സമീപിച്ചത്.മാധ്യമങ്ങളെ നിങ്ങള്ക്ക് നന്ദി.നിങ്ങള്‍ ഞങ്ങളുടെ വീഴ്ചകള്‍ തുറന്നു കാട്ടി.അല്ല പെരുപ്പിച്ചു കാട്ടി.8 വര്ഷം ഉറങ്ങുകയായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും  നിങ്ങള്‍ ഉണര്‍ത്തി.നന്ദി.  യുദ്ധത്തില്‍ മരിച്ചു വീഴുന്ന ജവാന്റെ ശരീരം നാട്ടിലെത്തിക്കാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഞങ്ങള്‍ ഇത്രയും ചെയ്തത് തന്നെ വലുത്..വേണമെങ്കില്‍ വന്നു മത്സരിച്ചു വല്ല മെഡലും കൊണ്ട് പോവാന്‍ നോക്ക്.അല്ലാതെ പട്ടിയുണ്ട് പാമ്പുണ്ട് എന്നും പറഞ്ഞു ഇനി വന്നേക്കരുത്.ഇനി ഞങ്ങള്‍ക്ക് ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കൂടി നടത്താനുണ്ട്.വെറുതെ ഞങ്ങളെ നാറ്റിക്കരുത്..


എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി.ഇനി നമുക്ക് ആരവങ്ങള്‍ക്കായി കാത്തിരിക്കാം.ഒന്നുറപ്പാണ്.സുരക്ഷാ ഭീഷണിയുടെ പേരും പറഞ്ഞ മുന്‍ നിര താരങ്ങള്‍ വിട്ടു നിന്ന സ്ഥിതിക്ക് നമ്മള്‍ ഒരു കലക്ക് കലക്കും..ദില്ലി ചലോ..അവിടെ  എന്തോ  നടക്കുന്നുണ്ട്..