Sunday, March 8, 2015

അമ്മായിയമ്മേടെ പാൽപ്പൊടി...

മസ്കറ്റിൽ ഞങ്ങളുടെ ഇടയിലുണ്ടാവരുള്ള ചെറിയ ചർച്ചകളെക്കുറിച്ച്   ഞാൻ "ഫീമന്റെ ഫ" എന്നൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.ആ ചര്ച്ചകളിലെ പ്രധാന കഥാപാത്രമാണ് Mr . ജിജോ .

ഇത് കുറച്ചു  മുമ്പ് നടന്ന സംഭവമാണ്.

ഒരു ദിവസം ഞങ്ങള്‍ വട്ടമേശ സമ്മേളനത്തില്‍ ആഗോള രാഷ്‌ട്രീയ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.അമേരിക്കയും തീവ്രവാദവും ഒക്കെയായിരുന്നു ചര്‍ച്ചാ വിഷയം. ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ പട്ടാളം പാകിസ്ഥാനില്‍ വെച്ച് പിടിച്ചു കൊന്നതിനെക്കുറിച്ചു കൂലങ്കഷമായ ചര്‍ച്ച നടക്കുന്നതിനിടയില്‍ നമ്മുടെ ജിജോയുടെ വക ചോദ്യം.

"അപ്പോള്‍ ലാദന്‍ അന്ന്  മരിച്ചില്ലായിരുന്നോ?"
"എന്ന്?"
"അന്ന് ആ സെപ്റ്റംബര്‍ 11 നു ലാദനല്ലേ വിമാനം പറത്തി വേള്‍ഡ് ട്രേഡ് സെന്റെറില്‍ ഇടിച്ചത്?.എന്നിട്ടും അയാള്‍ മരിച്ചില്ലേ?"


ഇതാണ് കക്ഷി......

തീര്‍ന്നില്ല.

നമ്മുടെ ജിജോ നാട്ടിലായിരുന്ന സമയം.പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ തേരാ പാരാ നടക്കുന്ന സമയം. ക്ലബ്ബില്‍ പോയി കാരംസ് കളിക്കുകയാണ് മൂപ്പരുടെ മെയിന്‍ പരിപാടി. ക്ലബ്ബിലേക്ക് കക്ഷിയുടെ വീട്ടില്‍ നിന്നും രണ്ടു സ്റ്റോപ്പിന്റെ ദൂരം ഉണ്ട്.ഒരു കള്ളി മുണ്ടും ടീ ഷര്‍ട്ടും ഇട്ടോണ്ട് കക്ഷി ബസ്സില്‍ കേറി ഡോറിന്റെ  അടുത്ത നിക്കുകയാ..കണ്ടക്ടര്‍ എത്തി..

"ടിക്കെറ്റ് എടുത്തോ?"
"ഇല്ല"

"എങ്ങൊട്ടേക്കാ?"
അപ്പോൾ ജിജോയുടെ മറുപടി
"ഞാൻ എന്നാത്തിനാ ടിക്കറ്റ് എടുക്കുന്നെ?.എന്നെ കണ്ടാല്‍ അറിഞ്ഞൂടെ ഞാന്‍ യാത്ര പോവാനോന്നും
വന്നതല്ലാന്ന്.ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും "

അപ്പൊ കക്ഷിയെക്കുറിച്ച്  ഏകദേശം  ഐഡിയ കിട്ടിക്കാണുമല്ലോ... 

ഇനി നമ്മൾ കാര്യത്തിലേക്ക് കടക്കാം.

ഇപ്പോൾ ജിജോ കല്യാണം ഒക്കെ കഴിഞ്ഞു ഫാമിലിയായി മസ്കറ്റിൽ താമസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മൂപ്പരുടെ ഭാര്യ നാട്ടിലേക്ക് പോവാൻ ടിക്കറ്റ്‌ എടുത്തു.ഭാര്യ മാത്രമേ പോവുന്നുള്ളൂ. ജിജോ നാട്ടിൽ വിളിച്ച അവന്റെ വീട്ടിലും ഭാര്യ വീട്ടില്മൊക്കെ എന്തേലും സാധനം കൊടുത്തയക്കണോ എന്നൊക്കെ അന്വേഷിച്ചു.ചെറിയൊരു ലിസ്റ്റ് തന്നെയുണ്ടാക്കി. അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ലുലുവിൽ അവന്റെയും ഭാര്യയുടെയും കൂടെ സാധനങ്ങൾ വാങ്ങാൻ പോയി.ചോക്ലേറ്റുകളും മറ്റുമൊക്കെ അവൻ ട്രോളിയിലെക്ക് എടുത്ത് വെച്ച്.പിന്നെ നിഡോ  . അത് കഴിഞ്ഞ്  അവന്റെ ചോദ്യം..


"ഈ ഡ്രെസ്സൊക്കെ തൂക്കിയിടുന്ന ഹാങ്ങർ ഏതു  സെക്ഷനിൽ  കിട്ടും?"

ഞങ്ങൾ ചോദിച്ചു..
"ജിജോ..നാട്ടിലേക്ക് അതൊക്കെ എന്തിനാ കൊണ്ട് പോവുന്നത്?"


"അമ്മായിയമ്മ പറഞ്ഞിട്ടുണ്ട് കൊണ്ട് പോവാൻ" എന്ന് അവൻ.

അപ്പോൾ അവന്റെ ഭാര്യക്ക്  സംശയം" എന്റെ അമ്മ ഹാങ്ങർ കൊണ്ട് പോവാൻ പറഞ്ഞോ?"
"ആ പറഞ്ഞെടീ. ഹാങ്ങരും പിന്നെ
പാൽപ്പൊടിയും വേണോന്ന അമ്മ പറഞ്ഞത്"

അങ്ങനെ ജിജോ അത്രക്ക് ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് നല്ല സ്റ്റൈൽ ഉള്ള വില കൂടിയ ഹാങ്ങർ തന്നെ ഞങ്ങൾ വാങ്ങിച്ചു.
പെട്ടിയൊക്കെ പായ്ക്ക് ചെയ്ത് ഭാര്യ നാട്ടിലേക്ക് പറന്നു.

നാട്ടിലെത്തിയ ഭാര്യ പെട്ടി തുറന്നു.അമ്മയുടെ കയ്യിൽ ആവശ്യപ്പെട്ട
പാൽപ്പൊടിയും ഹാങ്ങറും   കൊടുത്തു.
അപ്പോൾ അമ്മ..
"ഇതാർക്കാ  ഹാങ്ങർ?"
"അച്ചാച്ചൻ പറഞ്ഞല്ലോ അമ്മ പാൽപ്പൊടിയും  ഹാങ്ങറും  കൊണ്ട്  വരാൻ പറഞ്ഞിട്ടുണ്ടെന്നു"
അത് കേട്ടതും അമ്മ ചിരിയോടു ചിരി.കാര്യം അന്വേഷിച്ചപ്പോളാണ്  സംഗതി മനസ്സിലായത്..അമ്മ കൊണ്ട് വരൻ പറഞ്ഞത് "Anchor " കമ്പനീടെ പാൽപ്പൊടി   മാത്രം. 

നമ്മുടെ ജിജോ വാങ്ങിച്ചു കൊടുത്തോ..നിഡോ പാൽപ്പൊടിയും  പിന്നെ നല്ല കിടിലൻ ഡ്രസ്സ്‌ ഹാങ്ങരും..