Monday, January 30, 2012

ചീട്ടുകൊട്ടാരം തകര്‍ന്നു വീണപ്പോള്‍......


വിരസമായ ആ യാത്രയില്‍ അവളുടെ മധുരമായ ശബ്ദം കേട്ടാണ് ചെറു മയക്കത്തില്‍ നിന്നും ഉണര്‍ന്നത്."ബര്സോരെ മേഘ  മേഘ ...."അത് അവള്‍ പാടുമ്പോള്‍ അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..
പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന ഏതു മേഘവും അറിയാതെ മഴ വര്ഷിക്കും...പോക്കറ്റില്‍  കയ്യിട്ടു കീറിപ്പറിഞ്ഞ പഴ്സില്‍  നിന്നും രണ്ടു രൂപ നാണയം കയ്യില്‍ വെച്ച് കൊടുത്തു..അവളുടെ കണ്ണില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു..അവള്‍ പാട്ടും പാടി മുന്നോട്ട് നടന്നു..

ഒന്നും ശ്രദ്ധിക്കാതെ പത്രത്തില്‍ കണ്ണും നട്ടിരുന്ന ഒരു മാന്യന്‍ അവള്‍ അടുത്തെതിയതും  ഒരു നൂറിന്റെ നോട്ടെടുത്ത് കയ്യില്‍ വെച്ച് കൊടുത്തു..എന്നിട്ടെന്തോ അവളുടെ കാതില്‍ മന്ത്രിച്ചു..അയാളുടെ മഹാമനസ്കത ഓര്‍ത്തു അഭിമാനം തോന്നി...




****  ****  ****  ****  ****  ****  ****  ****   
കലശലായ മൂത്രശങ്ക  ഗാഡമായ   നിദ്രയില്‍ നിന്നും എന്നെ ഉണര്‍ത്തി..ട്രെയിനിലെ  മൂത്രപ്പുരയുടെ വാതില്‍ തുറന്നപ്പോള്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു...
 

Saturday, January 28, 2012

ഓരോ പണി വരുന്ന വഴിയേ...

വടി കൊടുത്തു അടി മേടിക്കുക.അതാണ്‌ ടൈംസ്‌ ഓഫ് ഇന്ത്യ ചെയ്തത്.എല്ലാം തുടങ്ങിയത് ഒരു പരസ്യത്തില്‍ നിന്നാണ്.ടൈംസ്‌ ഓഫ് ഇന്ത്യയുടെ ചെന്നൈ  എഡിഷന് വേണ്ടി ഇറക്കിയ ഈ പരസ്യം ഒന്ന് കണ്ടു നോക്കൂ.



"Stuck With the News That Puts You To Sleep?" എന്നും ചോദിച്ചു കൊണ്ട് ഹിന്ദുവിന് ഒരു കൊട്ടും കൊടുത്തു ആളാവാനാണ് നമ്മുടെ ടൈംസ്‌ ഓഫ് ഇന്ത്യ ശ്രമിച്ചത്.കക്ഷി കയ്യില്‍ പിടിച്ചിരിക്കുന്ന പത്രം 'ദി ഹിന്ദു".ഹിന്ദുവിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്നും എന്‍ റാം മാറിയ കാര്യം ടൈംസ്‌ അറിഞ്ഞില്ല എന്ന് തോന്നുന്നു.പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് വരദരാജന്‍ ടൈംസിനു നല്ല മുട്ടന്‍ പണി തന്നെ തിരിച്ചും കൊടുത്തു.കൊടുത്താല്‍ കൊല്ലത്തും കിട്ടും."Stay Ahead of Times" എന്നാ
പരസ്യ വാചകവുമായി ഒരു നിര പരസ്യം തന്നെ ഹിന്ദു തുടങ്ങി.





തീര്‍ന്നില്ല,പ്രിന്റ്‌ എഡിഷനുകളിലും ടൈംസ്‌ ഓഫ് ഇന്ത്യക്കെതിരെയുള്ള   പരസ്യങ്ങളുടെ പരമ്പരയുമായി ഇപ്പോള്‍ ഹിന്ദുവാണ് സ്കോര്‍ നിലയില്‍ മുന്നില്‍.



ടൈംസിന്റെ പരസ്യങ്ങള്‍ ചെന്നൈ മാത്രം കേന്ദ്രീകരിച്ചായിരുന്നെങ്കില്‍, ഹിന്ദു ഇന്ത്യ മൊത്തം ടൈംസിനു പണി കൊടുത്തു കൊണ്ടിരിക്കുകയാ.ടൈംസിന്റെ മറുപടി ഉടനുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
Image Courtesy: Google
Video Courtesy: You Tube

Monday, April 25, 2011

ഉറക്കം നടിക്കുന്ന കോമാളികള്‍



ഇന്ന്  സ്റ്റോക്ക്‌ ഹോം  കണ്‍വെന്‍ഷന്‍ തുടങ്ങുകയാണ്.മുമ്പൊക്കെ ലോകത്ത് ഏതു ഭാഗത്ത്‌ ഏതു തരം കണ്‍വെന്‍ഷന്‍  നടന്നാലും ഞാന്‍ ശ്രധിക്കാരില്ലായിരുന്നു.പക്ഷെ ഇപ്രാവശ്യം എന്റെ കണ്ണും ജനീവയിലുണ്ടാവും.എന്റെ മാത്രമല്ല  എന്ടോസള്‍ഫാന്‍  എന്ന വിഷത്തെ കെട്ടു കെട്ടിക്കാന്‍  തങ്ങളാലാവുന്ന  വിധത്തില്‍ ശ്രമിച്ച   ഭൂരിഭാഗം ജനങ്ങളുടെയും..

പക്ഷെ ഈ അവസരത്തിലും വളരെ വേദനയോടെ നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ  നിലപാടുകള്‍ കാണാവൂ.ഏപ്രില്‍ 13 വരെ കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ ഓടി നടന്നു വീ എസ്സിനെയും കേരള സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ എ കെ ആന്റണി എന്ന ആദര്‍ശശാലി ഇന്ന് ഏതു  മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? താങ്കള്‍  നടത്തിയ  നടത്തിയ പ്രസംഗങ്ങള്‍ തരിമ്പും ആത്മാര്തതയില്ലാത്ത , ജനങ്ങളുടെ വോട്ട് മാത്രം ലക്‌ഷ്യം വെച്ച് നടത്തിയ നാടകം മാത്രമായിരുന്നോ ?മൂന്ന് വര്ഷം മുമ്പ്  കാസറഗോടിലെ സീതാംഗോളിയില്‍ എച്ച്   എ എല്‍ ഫാക്ടറിയുടെ ഉത്ഘാടനം  നടത്താന്‍ വന്നപ്പോള്‍ അവിടന്ന് വെറും 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള എന്മകജെയും പദ്രെയും സന്ദര്ഷിച്ചുരുന്നെങ്കില്‍ താങ്കള്‍ ഈ മൌനം തുടരുമായിരുന്നു എന്ന് തോന്നുന്നില്ല.അവിടെ ജീവിക്കാതെ ജീവിക്കുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച്  താങ്കള്‍ക്ക്  അറിയില്ല എന്നാണോ?അതോ ഞാന്‍ ഈ നാടുകാരനല്ലേ എന്ന ഭാവത്തില്‍ ഒന്നും അറിയാത്ത വെറും പൊട്ടനെപ്പോലെ താങ്കളും  അഭിനയിക്കുകയാണോ?   ഭരണാധികാരികളുടെ ശ്രദ്ധ ഒരിക്കലും എത്തിപ്പെടാതിരുന്ന കാസറഗോഡ്   എന്ന ചെറു പ്രദേശത്തിന്റെ ശബ്ദവും വേദനയും ലോകത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങളുടെ മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ ഒന്നും അറിയാത്തവനെപ്പോലെ  നില്‍ക്കുന്നത് വളരെ വേദനെയോടെ മാത്രമേ കാണാനാവൂ.വീ എം സുധീരനെപ്പോലെയുള്ള താങ്കളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മിസ്റ്റര്‍ ആന്റണി ഒരുപാട് പഠിക്കാന്‍ ബാക്കിയുണ്ട്.


ഇടതുപക്ഷവും മുഖ്യമന്ത്രിയും എന്ടോസള്‍ഫാന്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ആരോപിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു..ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന കൊഞ്ഞണം ആയേ അതിനെ ഞങ്ങള്‍ക്ക് കാണാനാവൂ.അവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എങ്കില്‍ അത് നിങ്ങള്‍ നിന്ന് കൊടുത്തിട്ടല്ലേ?ഇനി ഈ വിഷയം പൊക്കി പിടിച്ചു നടന്നത് കൊണ്ട് ഒരു പുതിയ വോട്ടും പെട്ടിയില്‍ വീഴാന്‍ പോകുന്നില്ല.


ശരിയാണ്..ഞങ്ങള്‍ 'നശിച്ച 'കാസറഗോടുകാര്‍ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് കാണുന്നത്.സ്വന്തം സഹോദരങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ ആയി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വികാരം മാറ്റി വെച്ച് സംസാരിക്കാനാവില്ല.ഞങ്ങള്‍ക്ക് ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി സംസാരിക്കാന്‍ ആവില്ല.ഞങ്ങള്‍ക്കുമുണ്ട് രാഷ്ട്രീയം .പച്ചയും,ചുവപ്പും കാവിയും നിറമുള്ള രക്തം സിരകളില്‍ ഓടുന്നവര്‍ തന്നെയാണ് ഞങ്ങളും.പക്ഷെ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാന്‍ കഴിയില്ല.


പത്രക്കാരന്‍
എന്ന ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ..ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN  

Saturday, January 1, 2011

ബൂലോക ചിത്രങ്ങള്‍ -2010

 മലയാളം ബൂലോകത്ത്‌ ഒരുപാട് നല്ല ചിത്രങ്ങള്‍  ഇറങ്ങിയ വര്‍ഷമാണ്‌ 2010 .ഒരുപാട് പുതുമുഖ ബ്ലോഗ്ഗെര്മാര്‍ രംഗത്ത് വന്നു എങ്കിലും പഴയകാല പുലികള്‍  തന്നെയാണ് കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ പല ബ്ലോഗ്ഗര്മാരും കഴിഞ്ഞ വര്ഷം ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നത് നഷ്ടമായി.

വള്ളിക്കുന്ന് .കോം ന്റെ ബാനറില്‍ സൂപ്പര്‍സ്റ്റാര്‍    ബഷീര്‍ വള്ളിക്കുന്ന് രചനയും സംവിധാനവും ചെയ്തു അഭിനയിച്ച "നിങ്ങളെന്നെ ജമാഅത്താക്കി" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.ഇത് വരെയുള്ള ബൂലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാന്‍ ആ ചിത്രത്തിനായി.

മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ്‌ ആയിരം ചിത്രങ്ങള്‍ തികച്ച വര്ഷം കൂടിയാണ് 2010 .കഴിഞ്ഞ വര്ഷം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ "ഐ ടി ബുജികള്‍ എന്റെ പരിപ്പിളക്കി" എന്ന ചിത്രം മെഗാ ഹിറ്റായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ്  'എ' സര്ടിഫികെറ്റ്  നല്‍കി എങ്കിലും ശക്തമായ ഫാന്‍സ്‌ അസോസിയേഷന്റെ ബലത്തില്‍ ആ ചിത്രങ്ങളൊക്കെ വിജയിച്ചു. 

വെറ്ററന്‍ നടന്‍ മമ്മൂട്ടി (മുഹമ്മദ്‌ കുട്ടി കോട്ടക്കല്‍) നല്ല കുടുംബ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷവും  നല്‍കി.അദ്ദേഹത്തിന്റെ "കേടായ മോട്ടോര്‍" ,"ചെവിയിലെ ഫോണ്‍ " തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

കാര്‍ട്ടൂണ്‍ ചിത്രങ്ങളില്‍ സജ്ജീവ് സംവിധാനം  ചെയ്ത "ഉത്രാടപ്പാച്ചില്‍" മികച്ചു നിന്നു  എങ്കിലും അതൊരു ബോക്സ്‌ ഓഫീസ് വിജയമാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.നൌഷാദ് അകംപാടം തന്റെ സ്വത സിദ്ധമായ  ശൈലിയില്‍ പ്രമുഖ നടന്മാരായ ബഷീര്‍,ബെര്‍ളി എന്നിവരെ അനുകരിച്ചെടുത്ത "നിങ്ങളുടെ തലവര" എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

"വടക്കേല്‍ പ്രൊഡക്ഷന്‍സ് " ന്റെ ബാനറില്‍ നൌഷാദ് എല്ലാ വര്‍ഷത്തെയും പോലെ ഒരുപാട് പരീക്ഷണ ചിത്രങ്ങള്‍ ഇറക്കിയ വര്ഷം കൂടിയാണ് 2010 .പുതിയ നടന്മാര്‍ക്കും സംവിധായകര്‍ക്കുമായി ഒരു "ഹെല്‍പിംഗ് ഇന്സ്ടിട്യൂട്ടിനു" അദ്ദേഹം തുടക്കം കുറിച്ചു.

ബൂലോകത്തെ നായികമാരില്‍ മിനി ടീച്ചര്‍ അഭിനയിച്ച "വിശ്വാസം അതല്ലേ എല്ലാം" എന്ന ചിത്രം വ്യത്യസ്തമായ ക്ലൈമാക്സുകള്‍ കൊണ്ട് ശ്രദ്ധേയമായി.
സാബി ബാവ ,കാ‍ന്താരി , ജുവൈരിയ തുടങ്ങിയ നടിമാര്‍ക്കും കഴിഞ്ഞ വര്ഷം മികച്ചതായിരുന്നു.

പുതുമുഖങ്ങളില്‍ കണ്ണൂരാന്‍  എന്ന സംവിധായകന് സ്വപ്ന തുടക്കം ലഭിച്ച വര്‍ഷമാണ്‌  2010 .കണ്ണൂരാന്‍ സംവിധാനം ചെയ്ത "കാതര്‍കുട്ടിയുടെ  മോള്‍ ഏലിയാസ് എന്റെ കെട്ട്യോള്‍" എന്ന പടം ബോക്സ്‌ ഓഫീസില്‍  സൂപ്പര്‍ഹിറ്റായി.അദ്ദേഹം പിന്നീട് സംവിധാനം  ചെയ്ത "കണ്ണൂര്‍ ബാര്‍ബര്‍", "വേലക്കാരന്‍" തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം നേടി..

ഹാസ്യ നടന്‍ അരുണ്‍ കായംകുളത്തിന്റെതായി   ഇറങ്ങിയ മിക്ക ചിത്രങ്ങളും മെഗാ ഹിറ്റുകളായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ ശബരിമല സീസണ്‍ ചിത്രം "കലിയുഗവരദന്‍" ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

ആക്ഷന്‍ സ്റ്റാര്‍ ആചാര്യന്‍ അഭിനയിച്ച ചിത്രങ്ങളില്‍ "ഒബാമയുടെ ജെട്ടി", "പ്രിയപ്പെട്ട സാജേട്ടന്","ശ്രീദേവിയുടെ ഒരു യോഗം ‍'' തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.ബൂലോക നിവാസികള്‍ക്കായി അദ്ദേഹം ഒരു പുതിയ  സംഘടന "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്" തുടങ്ങിയ വര്ഷം കൂടിയാണ് 2010 .

കുട്ടികളുടെ ചിത്രത്തില്‍ ഹൈനക്കുട്ടി അഭിനയിച്ച "കുത്തിവര" , സിദ്ദിക്ക്  തൊഴിയൂര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച നഹാന സിദ്ദീക്ക്  അഭിനയിച്ച "
ചിപ്പി" തുടങ്ങിയ ചിത്രങ്ങള്‍ നിലവാരം പുലര്‍ത്തി.

2010 ല്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളില്‍ അക്ബര്‍ അലി ചാലിയാര്‍ അഭിനയിച്ച   "നിങ്ങള്‍ നിങ്ങടെ പണി നോക്ക്","ഗോപന്‍ മാഷ്‌"  ,അഞ്ചു അനീഷ്‌ അഭിനയിച്ച "കണ്ഫ്യൂഷന്‍ തീര്‍ക്കണമേ", വാഴക്കോടന്‍  അഭിനയിച്ച " ഓര്‍മ്മയിലെ ഷാഹിന", ഇളയോടന്റെ "കല്ല്യാണം മുടക്കി" ,ഇസ്മായില്‍ കുറുമ്പടിയുടെ  "തണല്‍" തുടങ്ങിയ  ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി..റാംജി പട്ടേപാടം ,ഹംസ,
സലിം ഭായ് ,പ്രവീണ്‍ ,ശ്രദ്ധേയന്‍,ജയന്‍ വൈദ്യന്‍  തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ സ്ഥിരം ഹിറ്റുകള്‍  തുടര്ന്നു..
അവാര്‍ഡുകള്‍

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെ സജീവമാക്കി നിര്‍ത്തിയ ബഷീര്‍ വള്ളിക്കുന്നിനെ  സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി  തെരഞ്ഞെടുത്തു

"ഒരു ജോലി തരുമോ?", "പ്രിയപ്പെട്ട കണ്ണന്‍" തുടങ്ങിയ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ അനില്‍കുമാര്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡില്‍ ഫസ്റ്റ് റണ്ണര്‍അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

ഫൈസു അഭിനയിച്ച "ഞണ്ട്" ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

പഴയകാല നടന്‍ കെ.പി.എസ് സംവിധാനം  ചെയ്ത "എന്ടോസള്‍ഫാന്‍ കുടിച്ചാല്‍ ചാവുമോ?" എന്ന ഡോകുമെന്ററി ജെനീവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്റരിക്കുള്ള   അവാര്‍ഡു നേടി.
വിവാദം
"കൂതറയും കാദറും" എന്ന ചിത്രം വിവാദം സൃഷ്ടിച്ചു.  .അതിനെ തുടര്‍ന്ന് യുവ ബ്ലോഗ്ഗറും ചോക്കലേറ്റ്    നായകനുമായ ഹാഷിം  ബൂലോകത്ത് നിന്നും വിടവാങ്ങുന്നു എന്ന പ്രഖ്യാപനം നടത്തി.
"തൊടുപുഴയിലെ  പാമ്പ്" എന്ന ചിത്രം വിവാദം കാരണം തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു.
പ്രതീക്ഷകള്‍

കാമ്പുള്ള ചിത്രങ്ങളുമായി വന്ന പല പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു..ഹഫീസ്,ഫിറോസ്‌ സൈദു,അജിത്‌ ജനാര്ദ്ധനന്‍, നാമൂസ്,റഫീക്ക്,കൊമ്പന്‍ മൂസ,ഇസ്മയില്‍ ചെമ്മാട്,രാകേഷ് ,നൌഷാദ് കൂടരഞ്ഞി,അമീന്‍,അര്‍ച്ചന,അഫ്സല്‍,ബദൃദ്ദീന്‍ ,അരുണ്കുമാര്‍,ചെറുവാടി,മുക്താര്‍ ഭായ് ,റാണി പ്രിയ,ലിഡിയ,കൊലുസ്,കിഷോര്‍,വര്‍ഷപഞ്ചമി ഹരിപ്രിയ,സഹീര്‍,കുഞ്ഞാക്ക,ജാസ്മിക്കുട്ടി,ശിഹാബ് മൊഗ്രാല്‍,ലീ   തുടങ്ങിയവരുടെ കയ്യില്‍ നാളത്തെ ബൂലോകം സുരക്ഷിതമാണ്. 

Sunday, December 12, 2010

ബൂലോകത്തെ പുതിയ കൂട്ടായ്മ..

എല്ലാ നല്ലവരായ ബൂലോക സുഹൃത്തുക്കളെ, അമ്മമാരെ പെങ്ങന്മാരെ,എന്റെ പ്രിയ ആരാധികമാരെ...

നമ്മുടെ പ്രിയങ്കരനായ ബഷീര്‍ വള്ളിക്കുന്നിന്റെ രഹസ്യ കണക്കു പ്രകാരം മലയാള ബൂലോകത്ത് 
ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരത്തി അറുപത്തി മൂന്നു ബ്ലോഗേഴ്സ് ഉണ്ട്.ഈ പറഞ്ഞ എല്ലാ ബ്ലോഗ്ഗെര്മാരെയും  ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുപ്പിക്കുക  എന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്.ഈ അവസരത്തില്‍, ബൂലോകത്തെ മലയാളം ബ്ലോഗ്ഗെര്മാരെ എല്ലാവരെയും സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ  സാധ്യതകള്‍ ഉപയോഗിച്ച് ഒരു വലയില്‍ കുരുക്കാന്‍ വേണ്ടി  നമ്മുടെ സഹബ്ലോഗ്ഗറായ ഇംതിയാസ് (ആചാര്യന്‍) ഒരു പുതിയ ഫെയ്സ്ബുക്ക്  ഗ്രൂപ്പിന് തുടക്കം കുറിച്ചിരിക്കുന്നു."മലയാളം ബ്ലോഗേര്‍സ്"എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രൂപ്പില്‍ ചേരുകയും ബൂലോകത്തെ പുതിയ കൂട്ടായ്മയില്‍ പങ്കു ചേരുകയും ചെയ്യണം എന്ന് എന്റെ പേരിലും ഈ കൂട്ടായ്മയില്‍ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളുടെ പേരിലും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു.


NB :ഇപ്പോള്‍ തന്നെ അവിടെ ഗ്രൂപ്പ് ചാറ്റ് വഴി പാരവെപ്പും കുതികാല്‍വെട്ടും തുടങ്ങി കഴിഞ്ഞു..ഇനി പാമ്പുകള്‍ വരുന്നതിനു മുമ്പേ വന്നു ചേരാന്‍ നോക്ക്.