Wednesday, March 10, 2010

പെണ്ണേ നിനക്കിത്രമാത്രം മതിയോ ???

ലോകം മുഴുവന്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറെ ചര്‍ച്ചയ്ക്കിടയാക്കി ഒരു വനിതാദിനം കൂടി കടന്നുപോയി. സ്ത്രീകള്‍ കൈവരിച്ച നേട്ടത്തെക്കുറിച്ചും ഇനി ലഭിക്കാനിടയുള്ള സ്വര്‍ഗത്തെക്കുറിച്ചുമുള്ള വിലയിരുത്തലുകളും കണക്കുകൂട്ടലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെട്ടു. വനിതാദിനത്തില്‍ ഓസ്കറില്‍ പുതിയ ചരിത്രം കുറിച്ച് കാതറിന്‍ ബിഗലോ ആഗോളതലത്തില്‍ സ്ത്രീകളുടെ ശിരസുയര്‍ത്തി. ഇപ്പോഴിതാ പാര്‍ലമെന്‍റില്‍ വനിതാ സംവരണ ബില്ലും പാസായിരിക്കുന്നു.
ഇതോടെ വനിതകള്‍ക്ക് കിട്ടാനുള്ള കസേരകളുടെ എണ്ണം പറഞ്ഞുള്ള കളികള്‍ എല്ലായിടത്തും സജീവമായിരിക്കുന്നു. എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു വനിതാസംവരണ ബില്ലിലൂടെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുമോ എന്നത് ഗൌരവമായി പരിശോധിക്കേണ്ട വിഷയമാണ്. ഇന്നും തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് അമ്മമാരെയും പെണ്‍കുട്ടികളെയും ഇന്ത്യയില്‍ കാണാം. വനിതാമുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഈ സ്ഥിതിക്ക് മാറ്റമില്ലെന്ന് സംശയലേശമന്യേ പറയാം. ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുന്ന വനിതാശാക്തീകരണത്തിന്‍റെ പരിധിയില്‍ ഈ അമ്മമാരും പെണ്‍കുട്ടികളും ഇനിയും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കടക്കെണിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ സ്വന്തം ഭാര്യമാരെ വില്‍ക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികകാലം കഴിഞ്ഞിട്ടില്ല. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഈ വിരോധാഭാസം അരങ്ങേറിയതെന്ന് പ്രത്യേകം ഓര്‍ക്കണം. മായാവതി മന്ത്രിസഭയില്‍ എത്ര വനിതാമന്ത്രിമാര്‍ ഉണ്ടെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും.
മറ്റൊരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന തലസ്ഥാനനഗരിയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരെന്ന് തീര്‍ത്തുപറയാന്‍ വയ്യ. രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഒരു മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹിയില്‍ സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തിയപ്പോള്‍ പെണ്ണുങ്ങള്‍ പാതിരാത്രിയില്‍ ഇറങ്ങിനടക്കരുതെന്ന മറുപടിയായിരുന്നു മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തില്‍ നിന്നും ഉണ്ടായത്. ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ മെച്ചപ്പെട്ട വേതനത്തിനായി സമരം നടത്തിയത് നാം മറന്നുകാണില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം താങ്ങാനാകാതെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ടത് മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ ഒരു വനിത മുഖ്യമന്ത്രിയായ നാട്ടില്‍ എന്തുകൊണ്ട് നഴ്സുമാര്‍ക്ക് ഈ ഗതി വന്നു എന്നാണ് ചിന്തിക്കേണ്ടത്.
പുരുഷ മേധാവിത്വത്തെ നിരന്തരം പഴിക്കുന്ന സ്ത്രീകള്‍, ഇന്ത്യയില്‍ അധികാരത്തിലെത്തിയ വനിതകള്‍ സ്വന്തം വംശത്തിനായി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ വനിതാ അധികാരത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ച പരിഗണനയും പരിചരണവും മനസിലാകും. വനിതാബില്ലെന്ന വിപ്ലവത്തിലൂടെ ഇപ്പോഴത്തെ പെണ്‍ നേതാക്കള്‍ ഈ സ്ഥിതി പെട്ടന്ന് മാറ്റിമറിക്കുമെന്ന് കരുതാന്‍ വയ്യ. കാരണം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവര്‍ (അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍) ശക്തമായി ശബ്ദമുയര്‍ത്തുകയായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ നിന്ന് എന്നേ ഇത്തരം പീഡനങ്ങള്‍ തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു. അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച രുചിക കേസ് തന്നെ എടുത്തുനോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.
മാനംഭംഗത്തിനിരയായ ഒരു ഒമ്പതുവയസുകാരിയുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ മുംബൈയിലെ ഒരു പൊലീസ് ഇന്‍സ്പെക്ടറുടെ വീട്ടിലെ ടെറസില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. എത്ര വനിതാ സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി?. പാര്‍ലമെന്‍റിന് പുറത്ത് വനിതാബില്‍ പാസാ‍ക്കാന്‍ തൊള്ള വലിച്ചുകീറിയ വനിതാ സംഘടനാ പ്രതിനിധികള്‍ ഒരുപക്ഷേ ഈ ഹീനകൃത്യം അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. ഇതിന് ഒരു മാസം മുമ്പ് മുംബൈയില്‍ തന്നെ കുര്‍ള വത്സല്യതായ് നഗറില്‍ ഒരു ആറുവയസുകാരിയും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതൊക്കെ ആരറിയാന്‍? ഏത് ഫെമിനിസ്റ്റാണ് ഈ കുഞ്ഞുങ്ങളെ വികാരത്തിന്‍റെ പേരില്‍ വലിച്ചുകീറിക്കൊന്ന കാമാധമന്‍‌മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്?
നമ്മുടെ കേരളത്തിന്‍റെ കാര്യവും മോശമല്ല. സംസ്ഥാനത്ത് ഈ സര്‍ക്കാരിന്‍റെ കാലത്ത് 29,646 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞത് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്നെയാണെന്നത് ഒരു പക്ഷേ കൌതുകകരമായിരിക്കാം. പത്ത് വയസ്സില്‍ താഴെയുള്ള 158 പേരും, 15നും 29നും ഇടയില്‍ പ്രായമുള്ള 13,897 പേരും, 30നും 65നും ഇടയില്‍ പ്രായമുള്ള 14,545 പേരും ആണ് ആഭ്യന്തരമന്ത്രിയുടെ കണക്കിലുള്ളത്. അറുപത്തിയഞ്ച് വയസിന് മുകളിലുള്ള 398 വൃദ്ധകളും നമ്മുടെ ചുറ്റുവട്ടത്ത് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയുമ്പോള്‍ നാം അതിശയപ്പെടരുത്. അക്ഷരാ‍ഭ്യാസം ഇനിയും പൂര്‍ണ്ണമായി കടന്നുചെല്ലാത്ത നമ്മുടെ ആദിവാസിക്കുടികളില്‍ അരങ്ങേറുന്ന പീഡനങ്ങളുടെ കണക്കെടുത്താല്‍ ഇതിലും ഞെട്ടിപ്പിക്കുന്ന വസ്തുതകളായിരിക്കും പുറത്തുവരിക. കവിയൂരില്‍ പീഡനത്തിനിരയായി ജീവനൊടുക്കിയ അനഘയും കിളിരൂര്‍ പീഡനത്തിന്‍റെ ഇര ശാരിയും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നമുക്ക് മുമ്പില്‍ അവശേഷിക്കുന്നു.
അധികാരക്കസേരകളിലെത്തുന്ന സ്ത്രീകളുടെ എണ്ണമുയര്‍ത്തിയതുകൊണ്ട് ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വനിതാ ജനസംഖ്യയുടെ പകുതിയും അക്ഷരാഭ്യാസമില്ലാത്തവരാണ്. ഒരു വനിതാ സംവരണ ബില്ലുകൊണ്ട് ഇനിയും നിരവധി വസുന്ധരാ രാജ സിന്ധ്യമാരെ സൃഷ്ടിക്കാമെന്നല്ലാതെ മറിച്ചൊരു മാറ്റവും പ്രതീക്ഷിക്കാനാകില്ല. വനിതാബില്‍ പാസാക്കാന്‍ രണ്ട് ദിവസം എടുത്തു എന്നതുതന്നെ വരാനിരിക്കുന്ന പെണ്‍‌ലഹളയുടെ തുടക്കമായി കാണാം.
അധികാരത്തിന്‍റെ കുറവുകൊണ്ടല്ല നമ്മുടെ സ്ത്രീകള്‍ ഇന്നും താഴേക്കിടയില്‍ കിടക്കുന്നത്. അതുകൊണ്ട് തന്നെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതുകൊണ്ട് ഈ സ്ഥിതി മാറുമെന്ന് കരുതാന്‍ കഴിയില്ല. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.
courtesy:www.malayalam.webdunia.com

4 comments:

  1. അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്.

    ReplyDelete
  2. 33%ശതമാനം സവര്‍ണ്ണ സ്ത്രീ സംവരണം എന്നല്ലേ ഫലത്തില്‍ സംഭവിക്കുക ?? സവര്‍ണ്ണ സ്ത്രീ സംവരണം !

    ReplyDelete
  3. ദളിതർക്കും പിന്നോക്കകാർക്കും സംവരണം എന്ന്‌ കേട്ടാൽ കലി തുള്ളുന്ന സവർണ്ണ തമ്പുരാക്കൻമാരും തൂപ്പുജോലിക്ക്‌പോലും 916 പരിശുദ്ധിയുള്ള ജോലിക്കാരെ നിയമിക്കണം എന്ന്‌ വായിട്ടടിക്കുന്ന എലൈറ്റ്‌ ക്ലാസ്സും സ്ത്രീ സംവരണവിഷയത്തിൽ ഒന്നിക്കുന്നത്‌ കാണുമ്പോൾ, ഈ സ്ത്രീ സംവരണത്തിന്റെ ഘടന അവരെ സഹായിക്കും എന്നുള്ള തിരിച്ചറിവല്ലെ എന്ന്‌ കാക്കര ചുമ്മാ സംശയിക്കുന്നു.


    കൂടുതൽ വായനയ്‌ക്ക്‌

    http://georos.blogspot.com/2010/03/333-56.html

    33.3% കൂടിയാൽ സംവരണം 56 ശതമാനം?

    ReplyDelete