Saturday, February 20, 2010

ഹേയ് ചാനല്‍ ഗേള്‍സ്, ഒരു മിനിറ്റ്!

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. മലയാളത്തിലെ വാര്‍ത്താ അവതാരകരായ ചില പെണ്‍കുട്ടികളുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും ഈ പഴമൊഴി ഓര്‍ക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. എത്രത്തോളം അശ്രദ്ധമാകാമോ അതിന്‍റെ പരമാവധി അശ്രദ്ധയോടെ വാര്‍ത്തകളെ ‘ഓണ്‍ എയറിലേക്ക്’ പറത്തി വിടാനാണ് പലര്‍ക്കും താല്പര്യം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളുമായി ടെലിപ്രോംപ്റ്ററിനു മുന്നിലിരുന്ന പല പെണ്‍കുട്ടികളും ഒരു ദിവസം ഒരു അബദ്ധം എന്ന രീതിയില്‍ നല്ല പോലെ സ്കോര്‍ ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ പുതുമയൊന്നുമില്ലെങ്കിലും കേരളം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്യുന്ന വാര്‍ത്തകളെക്കുറിച്ച് തികച്ചും അജ്ഞരാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നു ചില ചോദ്യങ്ങള്‍.

ഒരു ഉദാഹരണം. മലയാളിയെ സ്വകാര്യ ടെലിവിഷന്‍ ലോകത്തേക്ക് കൈപിടിച്ച് നടത്തിയവരുടെ വാര്‍ത്താചാനലിലാണ് സംഭവം. ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ വയനാട് കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട ദിവസം. ഏറ്റവും പുതിയ വിവരങ്ങളുമായി ഹൈക്കോടതിയുടെ മുമ്പില്‍ നിന്നും റിപ്പോര്‍ട്ടര്‍ ലൈവുമായി റെഡി. ന്യൂസ് സ്റ്റുഡിയോയിലിരിക്കുന്ന പെണ്‍കുട്ടി പതിവു പോലെ ചോദ്യം തുടങ്ങി.

വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യം കുറച്ച് ‘ആഴ’ത്തിലുള്ളതായിരുന്നു. ചോദ്യം ഇങ്ങനെ, ‘ശ്രേയാംസ്കുമാറിന്‍റെ ഭൂമിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പറയൂ, എന്തൊക്കെയാണ് വിശദാംശങ്ങള്‍?’ ഓണ്‍ എയറിലേക്ക് ചോദ്യം പറത്തിവിട്ട് കൂളായി അവതാരക ഇരിക്കുകയാണ്. ആഴത്തിലുള്ള ഒരു ചോദ്യം ചോദിച്ചതിന്‍റെ ഭാവവും മുഖത്തുണ്ട്.

ചോദ്യം കേട്ട് ഹൈക്കോടതിയുടെ മുമ്പില്‍ ‘ലൈവാ’യി നിന്ന റിപ്പോര്‍ട്ടര്‍ പെണ്‍കുട്ടി ഒന്നു പരുങ്ങി. പക്ഷേ അവതാരകയുടെ അറിവില്ലായ്മയെ തിരുത്താനുള്ള മനസ്സ് റിപ്പോര്‍ട്ടര്‍ കാണിച്ചു. ഇടുക്കി ജില്ലാ കളക്ടറല്ല വയനാട് ജില്ലാ കളക്ടറാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടിംഗ് തുടങ്ങിയത്.

ഭൂപ്രശ്നം രണ്ടിടത്തും സജീവമായി നില്ക്കുന്നതിനാല്‍ വയനാടും മൂന്നാറും ഒരുനിമിഷം ചിലപ്പോള്‍ മാറിപ്പോകാം. എങ്കിലും ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വാര്‍ത്തകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിടുമ്പോള്‍ കമ്പനിയോട് മാത്രമല്ല വാര്‍ത്തയോടും ജനങ്ങളോടും ഓരോ അവതാരകയും അവതാരകനും പ്രതിബദ്ധരാണ്. വാര്‍ത്താ അവതാരകര്‍ ടെലി പ്രോംപ്റ്ററില്‍ നോക്കി വാര്‍ത്ത വായിക്കുന്നത് ഇന്നും ഒരു വലിയ വിഭാഗം സാധാരണ ജനങ്ങള്‍ക്കും അദ്ഭുതമാണ്. ആ അദ്ഭുതം അങ്ങനെ തന്നെ നിലനില്ക്കട്ടെ.

എല്ലാ കാര്യങ്ങളെയുംക്കുറിച്ച് വ്യക്തമായ അറിവും ആഴത്തിലുള്ള അവബോധവും ഓരോ വാര്‍ത്താ അവതാരകര്‍ക്കും വേണം. മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിലും മേയ്ക്കപ്പ് ശരിയാക്കുന്നതിലും ഡ്രസ്സിനു ചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണിക്കുന്നതിന്‍റെ പകുതി ശ്രദ്ധയും ബോധവും ന്യൂസ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കില്ല.

പ്രോംപ്റ്ററിന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍ പലരും സ്വന്തം പ്രായോഗിക ബുദ്ധി ഉപയോഗിക്കാനും ശ്രദ്ധിക്കാറില്ല. തലക്കെട്ടുകള്‍ വായിച്ചു കഴിയുമ്പോള്‍ ടെലിപ്രോംപ്റ്ററിന് എന്തെങ്കിലും സംഭവിച്ചാല്‍ അന്തം വിട്ടിരിക്കുന്ന അവതാരകരോ പരസ്പരം ബന്ധമില്ലാത്ത വാചകങ്ങളോ ആയിരിക്കും മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്നത്.

മലയാളത്തിലെ ആദ്യ മുഴുവന്‍സമയ വാര്‍ത്താചാനലില്‍ തലവാചകം പറഞ്ഞതിനു ശേഷം കേട്ട വാര്‍ത്ത ഇങ്ങനെ. ‘ശമ്പള കമ്മീഷന്‍ തടയണ പൊളിക്കുമോ എന്ന് ഇന്നറിയാം. ബി ജെ പി നിര്‍വ്വാഹക സമിതി ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക’. വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണോ ഇതിന് കാരണം. അല്ല ന്യൂസ് സ്റ്റുഡിയോയില്‍ ബുദ്ധി ഒട്ടുമേ ഉപയോഗിക്കുന്നില്ലെന്നത് തന്നെ. അവതാരകരെ, എന്തെങ്കിലും ചോദിച്ച് പറഞ്ഞ് പോകാനുള്ള റിഹേഴ്സല്‍ നാടകവേദിയല്ല ന്യൂസ് സ്റ്റുഡിയോ. നിങ്ങള്‍ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹമുണ്ടെന്ന് മറക്കരുത്.

ട്വന്‍റി 20 ക്രിക്കറ്റിനെ രണ്ടായിരത്തി ഇരുപത് ക്രിക്കറ്റായി മാറ്റിയ മിടുക്കിയും നമ്മുടെ വാര്‍ത്തചാനലുകള്‍ക്ക് മാത്രം സ്വന്തം. ‘ക്ഷമിക്കണം’ എന്ന വാക്ക് മലയാളത്തിലുള്ളതു കൊണ്ട് എന്ത് പറഞ്ഞാലും അതെടുത്ത് വീശാം. വാര്‍ത്താ അവതാരകരെ നിങ്ങളോട് ക്ഷമിക്കാനും പൊറുക്കാനുമല്ല ജനം വാര്‍ത്ത കാണുന്നത്. വാര്‍ത്തയെ അതിന്‍റെ വ്യക്തതയോടെയും ആധികാരിതയോടു കൂടിയും അറിയുവാനാണ്.

വാര്‍ത്തകളെക്കുറിച്ചും സമകാലിക വര്‍ത്തമാനത്തെക്കുറിച്ചും ബോധമുള്ളവരാണ് നിങ്ങള്‍. കുടുംബത്തിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും എന്തെങ്കിലും പ്രശ്നങ്ങള്‍ കാണും. പക്ഷേ, ന്യൂസ് സ്റ്റുഡിയോയില്‍ നിങ്ങള്‍ വാര്‍ത്തകളെ അടിമകളാക്കണം. പറയുന്ന ഓരോ വാക്കും എന്താണെന്ന് മനസ്സിലുണ്ടാവണം. ഒന്നു ശ്രമിച്ചു നോക്കൂ. ന്യൂസ് സ്റ്റുഡിയോയിലെ ബ്ലണ്ടറുകള്‍ ആവര്‍ത്തിക്കാതിരിക്കൂ. രാജേശ്വരി മോഹന്‍, മായ, അളകനന്ദ, അനുപമ എന്നിവരെ പോലുള്ള മികച്ച വര്‍ത്താ അവതാരകരുടെ പിന്‍മുറക്കാര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജോയ്സ് ജോയ്

21 comments:

  1. എല്ലാ കാര്യങ്ങളെയുംക്കുറിച്ച് വ്യക്തമായ അറിവും ആഴത്തിലുള്ള അവബോധവും ഓരോ വാര്‍ത്താ അവതാരകര്‍ക്കും വേണം. മുടി സ്ട്രെയിറ്റന്‍ ചെയ്യുന്നതിലും മേയ്ക്കപ്പ് ശരിയാക്കുന്നതിലും ഡ്രസ്സിനു ചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും കാണിക്കുന്നതിന്‍റെ പകുതി ശ്രദ്ധയും ബോധവും ന്യൂസ് സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കില്ല.

    ReplyDelete
  2. നല്ല നിരീക്ഷണങ്ങള്‍,
    പക്ഷെ ഒപ്പമുള്ള ചിത്രത്തില്‍ അളകനന്ദയെ ആണല്ലോ കൊടുത്തിരിക്കുന്നത്‌ . താഴെ അവര്‍ മികച്ച വാര്‍ത്താ വായനകാരി എന്ന് പറയുകയും ചെയ്യുന്ന്നു...
    അപ്പൊ മുകളില്‍ പറഞ്ഞ അബദ്ധം അവരാണോ വരുത്തിയത്? അതോ അവരുടെ ചിത്രം ചുമ്മാ കൊടുതെന്നെ ഉള്ളോ ? കണ്‍ഫ്യൂഷന്‍ ഒണ്ടാവും മാഷെ

    ReplyDelete
  3. കണ്ണനുണ്ണി...തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി..
    വിശദീകരണം: അളകനന്ദയുടെ ചിത്രം കൊടുത്തത് വാര്‍ത്ത വായനക്കാരുടെ ഒരു പ്രതീകം മാത്രമായാണ്...തെറ്റ് വരുത്തിയത് അവരാനെണ്ണ്‍ വായിക്കേണ്ടതില്ല ....

    ReplyDelete
  4. അളകനന്ദയെ വെറുതെ കണ്ടിരുന്നാ പോരേ? വാര്‍ത്തയൊക്കെ ആരു ശ്രദ്ധിക്കുന്നു..!

    ReplyDelete
  5. നിരീക്ഷണവും പ്രതികരണവും നന്നായി.പക്ഷെ അവർ..അത് അങ്ങിനെയൊക്കെതന്നെയിരിക്കും :(

    ReplyDelete
  6. കുമാരെട്ടൻ പറഞ്ഞപ്പോലെ ചില വാർത്താ അവതാരകരെ കണ്ടാൽ മാത്രം മതി..

    ReplyDelete
  7. അളകനന്ദയുടെ ചിത്രം അവിടെ അല്ല കൊടുക്കേണ്ടത്... :) .ഓര്മ വച്ച കാലം മുതല്‍ അവരുടെ പേര് കേള്‍ക്കുന്നതാണ്... നല്ല എക്സ്പീരിയന്‍സ് ഉള്ള ആള്‍... ഇപ്പോഴത്തെ 'കൂതറകളെ' പോലെ അല്ല എന്ന് തോന്നുന്നു...

    ഇപ്പൊ ഒരു പുതിയ സംഭവം ഉണ്ട്...
    'തീര്‍ച്ചയായും...!' അരമണിക്കൂര്‍ വാര്‍ത്തയില്‍ കുറഞ്ഞത് ൫൦ തവണ പറയും ഈ 'തീര്‍ച്ചയായും...!'

    മനോരമയിലെ ഷാനിക്ക് വിവരം ഉണ്ട്... വെള്ളം കുടിപ്പിക്കാനും അറിയാം... ജയരാജന്‍ സഖാവാണ് പ്രധാന ഇര!
    :)

    ReplyDelete
  8. ശരിയായ നിരീക്ഷണം...

    ഒപ്പം ചാനൽ റിപ്പോർട്ടർമാരുടെ അലർച്ചയെയും അനുനാസികപ്രേമത്തെയും കുറിച്ചുകൂടി എഴുതിയാൽ നന്നായിരുന്നു.
    ഇവന്മാർക്കൊക്കെ സാദാ മലയാളി സംസാരിക്കുന്ന രീതിയിൽ വർത്തമാനം പറഞ്ഞു കൂടേ!

    ReplyDelete
  9. നിരീക്ഷണം പ്രസക്തമായിരിക്കുന്നു. പലരും കോമണ്‍ സെന്‍സ്‌ ഉപയോഗിക്കുന്നില്ല എന്നതാണ്‌ വാസ്തവം.

    കുറിക്ക്‌ കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം മുട്ടിക്കാനറിയുന്നവര്‍ വളരെ അപൂര്‍വ്വം. അനുപമ, ഷാനി, വേണു ബാലകൃഷ്ണന്‍, നികേഷ്‌, ഹര്‍ഷന്‍ അങ്ങനെ വളരെ കുറച്ച്‌ പേര്‍...

    അളകനന്ദയും മായയുമൊക്കെ മികച്ച വാര്‍ത്താവായനക്കാരായിരിക്കാം. പക്ഷേ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുമായിട്ടുള്ള ഇന്റര്‍ ആക്ഷന്‍ കുറവാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  10. സ്നേഹ സലാം, നല്ല നമസ്കാരം.....
    അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
    തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
    'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
    ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
    pls join: www.kasave.ning.com

    ReplyDelete
  11. @ കുമാരേട്ടന്‍,ഏറക്കാടന്‍ ആള് കൊള്ളാലോ ...thanks for the comment..
    @ബഷീര്‍ക്ക....നന്നാവുമെന്ന പ്രതീക്ഷ ഇല്ല അല്ലെ.....താങ്ക്സ്...
    @ജയേട്ടന്‍...തീര്‍ച്ചയായും ശ്രമിക്കാം.....
    @വിനുവേട്ടന്‍ ....ഞാനും യോജിക്കുന്നു....അഭിപ്രായത്തിനു നന്ദി......
    @Namoos...വരുന്നുണ്ട്..
    @ഹരികൃഷ്ണന്‍(പിപഠിഷു)....'തീര്‍ച്ചയായും...!' പറഞ്ഞത് ശരിയാണ്..

    ReplyDelete
  12. ഇതൊക്കെ നിസ്സാര അബദ്ധങ്ങളല്ലെ സുഹ്യത്തെ, വാര്‍ത്താ‍ ചാനലുകള്‍ പൈങ്കിളി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് നിരവധി ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് ശേഷമാണെന്ന് ഓര്‍ക്കണം. അന്തം വിട്ട് 24 മണിക്കൂറും ടിവിക്ക് മുന്നില്‍ ബ്രേക്കിംഗ് ന്യൂസ് കാണുന്ന മലയാളിക്ക് ഈ തെറ്റൊക്കെ പുല്ലാണ്. അവര്‍ക്കറിയാം ഇടുക്കിയിലല്ല ശ്രേയസ് കുമാറെന്ന്. മാനേജ് മെന്റിന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാവുന്നത് പ്രത്യേക പരിപാട്റ്റികളിലാണ്. മൈക്കിള്‍ ജാക്സണ്‍ മുസ്ലിമായി എന്ന് വാര്‍ത്ത പരക്കുമ്പോള്‍ ഉടനെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ “ വന്‍ വീഴ്ചകള്‍ “ എന്ന പരിപാടി വരും. ലൌ ജിഹാദും കേരളം തീവ്രവാദത്തില്‍ എരി പൊരി കൊള്ളുമ്പോഴും വാര്‍ത്ത വായിക്കുന്നവന്‍ കോടതിയാവുകയും ചെയ്യും. അപ്പോള്‍ വാര്‍ത്ത വായിക്കുന്നത് ആണുങ്ങളാണ്. പെണ്ണുങ്ങള്‍ എന്റര്‍ ടെയിന്മെന്റ് ന്യൂസും ചവറ് ന്യൂസും വായിക്കാന്‍ വേണ്ടിയിട്ടുള്ളവരും ആണ്. വാര്‍ത്താ ചാനലുകള്‍ ജനങ്ങള്‍ മൈന്‍ഡ് ചെയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ ഇനി കുറച്ച് കാലം കൂടിയേ ഉള്ളൂ. ഇന്റര്‍ നെറ്റ് ഇനിയും വ്യാപക മാവുന്നതോടെ മുഴു സമയ വാര്‍ത്താ കൂട്ടി കൊടുപ്പിന് ആളെ കിട്ടാതാകും.

    ഈ പോസ്റ്റിന് നന്ദി.

    ReplyDelete
  13. ഞാനും അളകനന്ദയെ ഒരു ടിപ്പിക്കല്‍ ന്യൂസ് റീഡര്‍ എന്ന നിലയില്‍ ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ ഇന്ന് വാര്‍ത്തവായനയെന്നത് കുറച്ചുകൂടി ഇന്‍ററാക്ടീവായി മാറിയിരിക്കുന്നു. അളകനന്ദ, മായ, രാജേശ്വരി എന്നിവരെ ഇത്തരം ഇന്‍ററാക്ടീവ് സെഷനുകളില്‍ കാണുന്നില്ല. മലയാളത്തില്‍ ഇപ്പോ ഈ രീതി നന്നായി കൈകാര്യം ചെയ്യുന്നത് ഷാനിയാണെന്ന് തോന്നുന്നു.

    ReplyDelete
  14. വാര്‍ത്താ വായനാക്കാരെ മാത്രം പറഞ്ഞു നിര്‍ത്തേണ്ടിയിരുന്നില്ല, ചാനല്‍ ഗേള്‍സിനെപ്പറ്റിയല്ലെ തലക്കെട്ട്. വേറെയുമുണ്ടല്ലോ കുറെ “അവതാര”ങ്ങള്‍!.ഉദാഹരണത്തിനു രജ്ഞിനി ഹരിദാസ്!.അതു പോലെ മലയാളത്തെ ശരിക്കും കൊല്ലുന്നവര്‍!

    ReplyDelete
  15. ഇപ്പഴാണ് കണ്ടത്. പറഞ്ഞത് ശരി തന്നെയാണ്...

    നല്ല പോസ്റ്റ്!

    ReplyDelete
  16. ശരിയാ നല്ല വെടിക്കെട്ടൊരു വീഡിയോ നെറ്റിലുണ്ട് , ഒരു കെ.പി.കുഞ്ഞികണ്ണനെ പറ്റി പരാമര്‍ശിക്കുന്ന വീഡിയോ.
    ഇടയ്ക്കൊക്കെ ഇങ്ങോട്ടും വാ

    ReplyDelete
  17. വാർത്താവായനക്കാരെ പിന്നെയും സഹിക്കാം.. ചാനൽ അവതാരകമാരുടെ മല്യാലമാണ് തീരെ സഹിക്കാൻ വയ്യാത്തത്.

    ReplyDelete
  18. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ നമുക്ക് തന്നെ ഒരു മനസമാധാന കേടാണ്
    എന്തായാല് നല്ല ഒരു ശ്രമം.
    ഇനി ഇത് അവലുമാരെയെല്ലാം കാണിക്കാനും കൂടി കഴിഞ്ഞാല്‍ വിജയിച്ചു. :)

    ReplyDelete