Tuesday, August 14, 2012

ഓണ്‍ലൈന്‍ ലോകത്തെ കപട മതേതരവാദികള്‍


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ വന്ന അബ്ദുല്‍ നാസര്‍ മദനിയെക്കുറിച്ചുള്ള പരമ്പരയാണ് ഈ ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരാള്‍ ഒന്‍പതു വര്‍ഷക്കാലം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുക.ജാമ്യം പോലും നല്‍കാതെ നീണ്ട വിചാരണയ്ക്ക് ശേഷം ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കെതിരെ തെളിവില്ല എന്ന് കണ്ടു കുറ്റവിമുക്തനാക്കുക. ജയില്‍ മോചിതനായ ശേഷം പൊതു  രംഗത്ത്  സജീവമായ്  നിന്നിരുന്ന ആ മനുഷ്യനെ വീണ്ടും സമാനമായ കേസില്‍  അറസ്റ്റു ചെയ്തു ജയിലില്‍ ഇടുക.വീണ്ടും നീണ്ട ജാമ്യമില്ല വിചാരണ. 
എവിടെയാണ് ഇന്ത്യന്‍ നീതി പീടത്തിന്റെ വിശ്വാസ്യത?


ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരിക്കല്‍ പറയുകയുണ്ടായി "വര്‍ഗ്ഗീയതയാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി" എന്ന്.സ്വന്തം മതത്തെ,അല്ലെങ്കില്‍ ജാതിയെ അന്ധമായി ന്യാകരിക്കുകയും അന്യ മതസ്ഥരെ ഉപദ്രവിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത.
അബ്ദുന്നാസര്‍ മദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഇന്ന് കേരളത്തില്‍ സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല എന്നതാണ് ഏറ്റവും വലിയ തമാശ. PDP എന്ന പാര്‍ട്ടിയുടെ വോട്ടിനു വേണ്ടി വേദി പങ്കിട്ട സിപിഎം മുതല്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കുന്ന ലീഗ് പോലും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നില്ല.എല്ലാവരും പറയുന്നു നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്ന്. മദനി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്.പക്ഷെ വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഒന്‍പതു വര്‍ഷക്കാലം ഒരാള്‍ ജയിലരയ്ക്കുള്ളില്‍ കഴിഞ്ഞു അനുഭവിച്ച കഷ്ടപ്പാടിനു നഷ്ടപരിഹാരം നല്‍കാന്‍ നമുക്കായിട്ടില്ല.വെറും 47 വയസ്സ് മാത്രം പ്രായമുള്ള , ആരോഗ്യം ഇല്ലാതെ കാഴ്ച ശക്തിയുടെ 75 % നഷ്ടപ്പെട്ടു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി വാദിക്കുന്നത് വര്‍ഗ്ഗീയതആണെങ്കില്‍, ഞാന്‍ ആ വര്‍ഗ്ഗീയ  വാദികളുടെ  കൂട്ടത്തില്‍ കൂടുവാന്‍ ഇഷ്ടപ്പെടുന്നു.  
എന്ടോസള്‍ഫാന്റെ  കാര്യത്തിലായാലും,മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആയാലും അഴിമതി വിരുദ്ധ സമരത്തിലായാലും നമ്മള്‍ ഒരുപാട് ലൈകും ഷെയറും ചെയ്തു നമ്മുടെ പിന്തുണ നല്‍കിയിട്ടുണ്ട്. പക്ഷെ മദനിയുടെ കാര്യത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഗനത്തിന്റെ    കാര്യത്തില്‍ ശബ്ദം ഉയര്‍ത്താന്‍ നമ്മളില്‍ പലരും മടിക്കുന്നു.
ആധുനിക സോഷ്യല്‍ മീഡിയ ലോകത്ത് ഒരാളുടെ നിലപാട് തുറന്നു കാട്ടാന്‍ വളരെ എളുപ്പമാണ്. എന്തിനും ഏതിനും സാമൂഹ്യ ബോധമുള്ളവര്‍ എന്ന് സ്വയം കരുതുന്ന ആധുനിക യുവത പ്രതികരിക്കാന്‍ മിടുക്കരാണ്.പക്ഷെ അബ്ദുന്നാസര്‍ മദനിയുടെ  വിചാരണ കൂടാതെയുള്ള തടവിനെക്കുറിച്ചു ആരും മിണ്ടരുത് പറയരുത് കാരണം മദനി  അത് അര്‍ഹിക്കുന്നുണ്ട് എന്ന നിലപാട് പലരിലും  കാണാന്‍ സാധിച്ചത്. മദനിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ പലരും മടിക്കുന്നതിന്റെ കാരണം 'ഇങ്ങനെ ഒരാള്‍ക്ക്‌ വേണ്ടി താന്‍ വല്ലതും സംസാരിച്ചാല്‍ സ്വന്തം സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ ഇമേജിന് കോട്ടം തട്ടുമോ' എന്ന ഭയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇവിടെയാണ്‌ സോഷ്യല്‍ അക്ടിവിസ്ടുകളുടെ കപട മതേതര മുഖം വെളിവാകുന്നത്. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചു നിലപാട് എടുക്കുകയും അത് ആര്‍ജ്ജവത്തോടെ തുറന്നു പറയാനും കഴിയുന്ന നട്ടെല്ല്  പലര്‍ക്കും ഇല്ല.ആ നട്ടെല്ലുള്ള  യുവതെയാണ് നമുക്ക് വേണ്ടത്.
മദനി തെറ്റുകാരനായിരിക്കാം അല്ലായിരിക്കാം.പക്ഷെ ജാമ്യം പോലും ഇല്ലാതെ ഒരിക്കല്‍ നീതി പീഠം നടത്തിയ അതെ വഴിയില്‍ കൂടി വീണ്ടും നടത്തിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിക്കുന്നത് ആപത്താണ്.മദനി വിഷയം ഒരിക്കലും ഒരു വര്‍ഗ്ഗീയ വിഷയം അല്ല.അത് ഒരാള്‍ക്ക്‌ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധത്തിന്റെ കരിപുരണ്ട അധ്യായമാണ്.അത് കാണാതെ നമ്മള്‍ പോവുന്നു എങ്കില്‍,അതിനു നമ്മള്‍ വര്‍ഗ്ഗീയ മാനം നല്‍കുന്നു എങ്കില്‍ നമ്മിലെ മനുഷ്വത്വം എന്നെ മരിച്ചു പോയിരിക്കുന്നു.ആര്‍ക്കും തിരുത്താന്‍ കഴിയാത്ത വിധം നമ്മള്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

PART-1-ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

PART-2-പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

PART-3-ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

PART-4-കേസുകള്‍, കുരുക്കുകള്‍

 ‘നീതി അകലെയാണ് ’ 

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക്

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?