Thursday, February 11, 2010

ഗിരീഷ്‌ പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍.

ആരോ  വിരല്‍  മീട്ടി  മനസ്സിന്‍  മണ്‍  വീണയില്‍ 
ഏതോ  വിഴി  നീരിന്‍  ശ്രുതി  മീടുന്നു  മൂകം 
തളരും  തനുവോടെ 
ഇടറും  മനമോടെ 
വിടവാങ്ങുന്ന  സന്ധ്യേ  
വിരഹാദ്രയായ  സന്ധ്യേ


പാതി  മാഞ്ഞ   മഞ്ഞില്‍  പതുക്കെ പെയ്തൊഴിഞ്ഞ   മഴയില്‍  
കാറ്റില്‍  മിന്നി  മായും  വിളിക്കായ്   കാത്തു  നില്പതു  ആരെ 
നിന്നുടെ  മോഹ  ശകലം  പീലി  ചിറകൊടിഞ്ഞ    ശലഭം 
മനസ്സില്‍  മെനഞ്ഞു  മഴവില്ലുമായ്കും  ഒരു  പാവം  കണ്ണീര്‍  മുകിലായ് നീ ........

ഗിരീഷ്‌  പുത്തഞ്ചേരി.......മരിക്കുകില്ല നിന്‍ വരികള്‍ എന്‍ ഓര്‍മ്മയില്‍ നിന്നും..........
മരിച്ചിടുന്ന നാള്‍ എന്‍ മരണ നാളായിരിക്കും.......

Monday, February 8, 2010

മമ്മൂട്ടി വെറുക്കപ്പെടേണ്ടവനോ?....

സിനിമയില്‍ വിവാദങ്ങള്‍ പതിവാണെങ്കിലും സാധാരണ വിവാദങ്ങള്‍ പലപ്പോഴും സിനിമാ അവാര്‍ഡ് വിതരണത്തെച്ചൊല്ലിയാണ് ഉണ്ടാവാറ്. പക്ഷെ മഹാനായ നടന്‍ തിലക‍ന്‍ പതിവ് തെറ്റിച്ചിരിക്കുന്നു, ഒന്നിച്ച് ഒരേ കാമറക്ക് മുമ്പില്‍ ഒരേ ഫ്രെയിമില്‍ അഭിനയിക്കുന്ന നടീനടന്മാര്‍ തമ്മില്‍ സ്ക്രീനില്‍ നാം കാണുന്ന സൌഹ്യദം ഒന്നും ഉണ്ടാവാറില്ലെങ്കിലും പൊതുവേദികളിലും മറ്റും അവര്‍ സൌഹ്യദം നടിക്കാറാണ് പതിവ് അല്ലെങ്കില്‍ അവിടെയും അവര്‍ക്ക് അഭിനയികേണ്ടി വരുന്നു. പക്ഷെ ഇതുവരെ അവര്‍ പരസ്പരം തുറന്ന കുറ്റപ്പെടുത്തലുകള്‍ക്ക് മുതിരാറില്ല, കൂടാതെ മറ്റു നടീനടന്‍മാരുടെ അഭിനയത്തെയും സ്വഭാവത്തെയും പറ്റി തുറന്ന വേദിയില്‍ കുറ്റപ്പെടുത്തറില്ല. ഒരിക്കല്‍ നടന്‍ ജഗതി അതിനു ശ്രമിച്ചുവെങ്കിലും പിന്നീട് ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയതാണ് കണ്ടത്.

എന്നാല്‍ തിലകന്‍റെ പോക്ക് കണ്ട് സംഗതി ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. മുമ്പ് ഇതേ പരാതിയുമായി വന്ന അദ്ദേഹം സൂപ്പര്‍താരങ്ങളെ വെല്ലുവിളിച്ചെങ്കിലും എല്ലവരെയും അല്‍ഭുതപ്പെടുത്തി പിന്നീട് അദ്ദേഹം തന്നെ അവരുടെ കൂടെ അഭിനയിക്കുന്നതാണ് നാം കണ്ടെത്. പഴശ്ശിരാജ, ഇവിടം സ്വര്‍ഗ്ഗമാണ്, ദ്രോണ എന്നിവ ഉദാഹരണം. പക്ഷെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത് വിനയന്‍റെ സിനിമയില്‍ അഭിനയിച്ച പ്രശ്നത്തിന്‍റെ പേരില്‍ തിലകന്‍ വീണ്ടും വാളെടുത്തിരിക്കുന്നു. ഇക്കുറി അദ്ദേഹം തന്‍റെ "നിഗൂഡ ലക്ഷ്യം" സാക്ഷാല്‍ക്കരിക്കുന്നതുവരെ പിന്‍മാറുന്ന പ്രശ്നമില്ല എന്നാണ് തോന്നുന്നത്.

യഥാര്‍ത്തത്തില്‍ എന്താണ് തിലകന്‍റെ പ്രശ്നം എന്നത് (അഥവാ അദേഹത്തിന്‍റെ അന്തിമ ലക്ഷ്യം) പലരെയും പോലെ എനിക്കും മനസ്സിലാവുന്നില്ല. അദ്ദേഹം പലപ്പോഴും അവിടെയും ഇവിടെയും തൊടാതെയുള്ള പത്രസമ്മേളനങ്ങളിലും ഇന്‍റര്‍വ്യൂകളിലും അദ്ദേഹം ലക്ഷ്യമിടുന്നത് സൂപ്പര്‍താരങ്ങളെയും ചില സൂപ്പര്‍ സംവിധായകരെയും ആണെങ്കിലും യഥാര്‍ത്തത്തില്‍ ആരുടെ നേര്‍ക്കാണ് അദ്ദേഹം വിരള്‍ ചൂണ്ടുന്നത് എന്ന് പൂര്‍ണ്ണമായും മനസ്സിലാവുന്നില്ല എങ്കിലും ചിലപ്പോള്‍ മമ്മൂട്ടിയോ അല്ലെങ്കില്‍ ദിലീപോ ആണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ അവര്‍ എന്ത് ചെയ്തു എന്ന് അദ്ദേഹം തുറന്നു പറയുന്നുമില്ല.

മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന നടന്‍മാരില്‍ തീര്‍ച്ചായും മമ്മൂട്ടിക്ക് മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം കൂടാതെ അഭിനയത്തിന്‍റെ കാര്യത്തിലാണെങ്കിലും അത് അദ്ദേഹം തെളിയിച്ചതാണ്. ഇനി തിലകനല്ല അദ്ദേഹത്തിന്‍റെ ഉപ്പാപ്പ വന്ന് മമ്മൂട്ടിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ പോലും സമ്മതിച്ചു എന്ന് വരില്ല. 25 വര്‍ഷത്തിലേറെയായി മലയാളത്തില്‍ പയറ്റിത്തെളിഞ്ഞ മമ്മൂട്ടിയെപറ്റി പേര് തെളിച്ചു പറയുന്നില്ല എങ്കിലും അദ്ദേഹം പറയുന്ന പലകാര്യങ്ങളും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് പ്രയാസം കാണും. ഇന്നലെ തിലകന്‍ പറഞ്ഞത് മമ്മൂട്ടി മറ്റുള്ളവരെ രണ്ടര മണിക്കൂര്‍ കാത്തു നിര്‍ത്തി പള്ളിയില്‍ നിസ്ക്കരിക്കാന്‍ പോയി എന്നാണ്, ഒരു ദൈവ വിശ്വാസിയെ സംബന്ഡിച്ച് ചിലപ്പോള്‍ വെള്ളിയാഴ്ച നമസ്ക്കാരമാണെങ്കില്‍ അത് പള്ളിയില്‍ പോയി നിസ്ക്കരിക്കേണ്ടത് നിര്‍ബന്‍ഡമായ കാര്യമാണ് അത് ദൈവനിഷേധിയായ തിലകന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടിയെന്ത് പിഴച്ചു. പിന്നെ സെറ്റില്‍നിന്നും മമ്മൂട്ടി പോവുമ്പോള്‍ തീര്‍ച്ചയായും ബന്ഡപ്പെട്ടവരോട് അറിച്ചിട്ടുമുണ്ടാവും. അത് തിലകനോട് ചോദിക്കാതെ പോയതുകൊണ്ടാണോ അദ്ദേഹത്തിന്‍റെ പ്രയാസം എന്ന് തോന്നുപ്പോവും തിലകന്‍റെ പ്രതികരണം കണ്ടാല്‍.

മൊത്തത്തില്‍ കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ മമ്മൂട്ടിയെ പൊതുജനത്തിനുമുമ്പില്‍ നാറ്റിക്കുക അല്ലെങ്കില്‍ വെറുക്കപ്പെട്ടവനാക്കുക എന്നതാണ് തിലകന്‍റെ ലക്ഷ്യം എന്ന് തോന്നിപ്പോവും. ഏതായായും മികച്ച പ്രതികരണബോധമുള്ള വിനയന്‍ ഇതുവരെ പ്രതികരിച്ച് കാണുന്നുമില്ല. എല്ലാം JUST WAIT AND SEE

courtesy:സഹജീവി 

Saturday, February 6, 2010

സാനിയ മിര്‍സയുടെ കാമുകന്‍‌മാര്‍!


ടെന്നീസ് താരം സാനിയ മിര്‍സയുടെ വിവാഹം ഉപേക്ഷിച്ച വാര്‍ത്തയുടെ പിന്നാമ്പുറക്കഥകള്‍ ചികഞ്ഞുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ മാധ്യമങ്ങള്‍. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ അനുബന്ധമായ ഗോസിപ്പ് കഥകളിലൂടെ ഈ റിപ്പോര്‍ട്ടിന് നിറം പകരാന്‍ മാധ്യമലോകം ശ്രമിച്ചിരുന്നു. പ്രധാനമായും അവര്‍ പരതിയത് സാനിയയുടെ പൂര്‍വ്വകാല ഗോസിപ്പുകഥകളിലെ കാമുകന്‍‌മാരെയാണ്. ടെന്നീസ് താരം മഹേഷ് ഭൂപതിയും ബോളിവുഡ് താരം ഷാഹിദ് കപൂറും പ്രതീക്ഷിച്ചപോലെ ഈ പട്ടികയില്‍ മുന്‍‌നിരക്കാരായി ഇടം പിടിച്ചു. വാര്‍ത്തകള്‍ (പ്രത്യേകിച്ച് സെലിബ്രിറ്റികളായ സ്ത്രീകളെ സംബന്ധിച്ചുള്ളവ) ലൈംഗികതയുടെ നിറം കലര്‍ത്തി വില്‍‌പനച്ചരക്കാക്കുന്ന മാധ്യമപ്രവണതയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ കാമുക പട്ടിക.
പിറ്റേന്നിറങ്ങിയ ഒരു മുന്‍‌നിര ദേശീയ മാധ്യമത്തിന്‍റെ കായികം പേജില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും നിറഞ്ഞുനിന്നത് സാനിയയുടെ വാര്‍ത്തയായിരുന്നു. ഈ പേജിലെ പ്രധാന തലക്കെട്ടില്‍ പത്രം അന്വേഷിച്ചത് സാനിയയുടെ തീരുമാനത്തിന് കാരണമെന്തെന്നായിരുന്നു. പ്രത്യേക കോളങ്ങളായി തിരിച്ച ഉപതലക്കെട്ടുകളില്‍ ഗോസിപ്പും കരിയറും ഉള്‍പ്പെടെ ഈ പത്രസ്ഥാപനത്തിലെ വിദഗ്ധ റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണത്തില്‍ തെളിഞ്ഞ കാരണങ്ങളും നിരത്തുന്നു. വാര്‍ത്തയെക്കുറിച്ച് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചൂടന്‍ ട്വീറ്റുകളും പത്രം അക്കമിട്ടു നിരത്തി. ഒപ്പം കഴിഞ്ഞകാല കഥകളുടെ വിശദമായ അവതരണവും.
ഭൂപതി അടുത്തിടെ വിവാഹമോചനം നേടിയതാണ് സാനിയയുമായി ചേര്‍ത്തുള്ള കഥയ്ക്ക് ബലം നല്‍കാന്‍ വേണ്ടി മാധ്യമങ്ങള്‍ നിരത്തിയത്. ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതോടെ ഇരുവരും ഏറെ അടുത്തുപോയെന്നും മറ്റാരെക്കാളും ഭൂ‍പതിയുടെ അഭിപ്രായങ്ങളാണ് സാനിയ ചെവിക്കൊള്ളുന്നതെന്നും മാധ്യമങ്ങള്‍ വിവരിക്കുന്നു. പ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടുതന്നെ ജീവിതത്തിലെ കൂടുതല്‍ സമയവും ഭൂപതിയുമായി സാനിയയ്ക്ക് ചെലവിടേണ്ടിവരുന്നുണ്ടെന്നും ബംഗ്ലൂരില്‍ ഭൂപതി നടത്തുന്ന ടെന്നീസ് അക്കാദമിയിലാണ് സാനിയ പരിശീലനം നടത്തുന്നതെന്നുമായിരുന്നു ഇതിനോട് ചേര്‍ത്തുവെച്ച മറ്റു കഥകള്‍.

2007
ല്‍ ബാംഗ്ലൂരിലെ വിന്‍ഡ്സര്‍ ഷെറാ‍ട്ടണ്‍ ഹോട്ടലില്‍ സാനിയയെയും ബോളിവുഡ് താരം ഷാഹിദ് കപൂറിനെയും ഒരുമിച്ച് കണ്ടെന്നും പിന്നീട് ഒരുചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിന് ശേഷം ഇരുവരും ഒരു ഹോട്ടലില്‍ സമയം ചെലവഴിച്ചതായും സാനിയയുമായി ഡേറ്റിംഗ് നടത്താ‍റുണ്ടെന്ന ഷാഹിദിന്‍റെ സമ്മതവുമായിരുന്നു ഈ കഥയുടെ ചുരുക്കം. തെലുങ്ക് താരമായ നവ്ദീപ് പല്ലപോലുവുമായും ബന്ധപ്പെട്ട കഥകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു.
സിനിമാതാരങ്ങളാണ് മിക്കപ്പോഴും ഇത്തരം ഗോസിപ്പുവേട്ടകള്‍ക്ക് അധികവും ഇരയാകുന്നത്. സാധാരണക്കാരന്‍റെ കാഴ്ചപ്പാടില്‍ ഒരു മായിക ലോകത്തില്‍ കഴിയുന്ന ഇക്കൂട്ടരുടെ നിറം പിടിപ്പിച്ച കഥകള്‍ക്ക് പുറം‌ലോകത്തില്‍ ആവശ്യക്കാരും ഏറെയാണ്. നമുക്ക് ചുറ്റുമുള്ള ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന അല്ലെങ്കില്‍ ഒരു ഓഫീസില്‍ സംഭവിക്കാവുന്ന സാധാരണമായ സൌഹൃദങ്ങള്‍ മാത്രമാകും ഇതില്‍ തൊണ്ണൂ‍റു ശതമാനവും. എന്നാല്‍ മാധ്യമങ്ങളിലൂടെ ഈ കഥകള്‍ പുറം ലോകത്തെ ജനങ്ങളുടെ കൈകളിലേക്കെത്തുമ്പോള്‍ അതിന് മറ്റുമാനങ്ങള്‍ കല്‍‌പിക്കപ്പെടുന്നു.
ഒട്ടും അനുകരണീയമല്ലാത്ത ഒരു പാശ്ചാത്യ സംസ്കാരമാണ് ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പിന്തുടരുന്നത്. ബ്രട്ടീഷ് രാജകുമാരി ഡയാനയെ മരണത്തിലേക്ക് തള്ളിവിട്ട പാപ്പരാസിപ്പടയും അടുത്തിടെ ടൈഗര്‍ വുഡ്സിന്‍റെ വിവാഹേതര ബന്ധങ്ങള്‍ ചൂഴ്ന്നുനടന്ന മാധ്യമലോകവും ഏറ്റവുമൊടുവില്‍ സാനിയയുടെ കാമുകന്‍‌മാരെ തേടി നടക്കുന്ന ജേര്‍ണ്ണലിസ്റ്റുകളും തമ്മില്‍ വേഷത്തിലല്ലാതെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്ന് കാണാം. 
courtesy:www.malayalam.webdunia.com

Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫാ മാപ്പ്......

ഒരു  വ്യക്തിയെ എങ്ങനെ കൊല്ലാം എന്ന് നമുക്ക് നമ്മുടെ മാധ്യമങ്ങള്‍ ബ്രെകിംഗ് ന്യൂസ്‌ ആയി കാണിച്ചു തന്നു...ഒരു വാര്‍ത്ത ഫ്ലാഷ് ന്യൂസും breaking ന്യൂസും ഒക്കെ ആയി കാണിക്കുമ്പോള്‍ അതിന്റെ വസ്തുത എന്താണെന്നു മനസ്സിലാക്കേണ്ട ബാധ്യത  നമ്മുടെ മാധ്യമങ്ങള്‍ മറന്നു പോകുന്നു...ആരെങ്കിലും വിളിച്ചു  പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന്‍ ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്...വസ്തുതകള്‍ മനസ്സിലാക്കാതെ ഇങ്ങനെ എത്ര വാര്‍ത്തകള്‍ ഇവര്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു തന്നു...എല്ലാം കഴിഞ്ഞു ഒരു ഖേദം....ഹനീഫാ......ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല...ഇവരോട് പൊറുക്കേണമേ .........

Sunday, January 3, 2010

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

 Following is an article published in MADHYAMAM News Paper by  വിനീത് നാരായണന്‍ നമ്പൂതിരി
ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ.  അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു  രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!