Saturday, February 6, 2010
സാനിയ മിര്‍സയുടെ കാമുകന്‍മാര്‍!
ടെന്നീസ് താരം സാനിയ മിര്‍സയുടെ വിവാഹം ഉപേക്ഷിച്ച വാര്‍ത്തയുടെ പിന്നാമ്പുറക്കഥകള്‍ ചികഞ്ഞുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ മാധ്യമങ്ങള്‍. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ അനുബന്ധമായ ഗോസിപ്പ് കഥകളിലൂടെ ഈ റിപ്പോര്‍ട്ടിന് നിറം പകരാന്‍ മാധ്യമലോകം ശ്രമിച്ചിരുന്നു. പ്രധാനമായും അവര്‍ പരതിയത് സാനിയയുടെ പൂര്‍വ്വകാല ഗോസിപ്പുകഥകളിലെ കാമുകന്‍മാരെയാണ്. ടെന്നീസ് താരം മഹേഷ് ഭൂപതിയും ബോളിവുഡ് താരം ഷാഹിദ് കപൂറും പ്രതീക്ഷിച്ചപോലെ ഈ പട്ടികയില്‍ മുന്‍നിരക്കാരായി ഇടം പിടിച്ചു. വാര്‍ത്തകള്‍ (പ്രത്യേകിച്ച് സെലിബ്രിറ്റികളായ സ്ത്രീകളെ സംബന്ധിച്ചുള്ളവ) ലൈംഗികതയുടെ നിറം കലര്‍ത്തി വില്‍പനച്ചരക്കാക്കുന്ന മാധ്യമപ്രവണതയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഈ കാമുക പട്ടിക.
പിറ്റേന്നിറങ്ങിയ ഒരു മുന്‍നിര ദേശീയ മാധ്യമത്തിന്‍റെ കായികം പേജില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും നിറഞ്ഞുനിന്നത് സാനിയയുടെ വാര്‍ത്തയായിരുന്നു. ഈ പേജിലെ പ്രധാന തലക്കെട്ടില്‍ പത്രം അന്വേഷിച്ചത് സാനിയയുടെ തീരുമാനത്തിന് കാരണമെന്തെന്നായിരുന്നു. പ്രത്യേക കോളങ്ങളായി തിരിച്ച ഉപതലക്കെട്ടുകളില്‍ ഗോസിപ്പും കരിയറും ഉള്‍പ്പെടെ ഈ പത്രസ്ഥാപനത്തിലെ വിദഗ്ധ റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണത്തില്‍ തെളിഞ്ഞ കാരണങ്ങളും നിരത്തുന്നു. വാര്‍ത്തയെക്കുറിച്ച് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചൂടന്‍ ട്വീറ്റുകളും പത്രം അക്കമിട്ടു നിരത്തി. ഒപ്പം കഴിഞ്ഞകാല കഥകളുടെ വിശദമായ അവതരണവും.
ഭൂപതി അടുത്തിടെ വിവാഹമോചനം നേടിയതാണ് സാനിയയുമായി ചേര്‍ത്തുള്ള കഥയ്ക്ക് ബലം നല്‍കാന്‍ വേണ്ടി മാധ്യമങ്ങള്‍ നിരത്തിയത്. ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതോടെ ഇരുവരും ഏറെ അടുത്തുപോയെന്നും മറ്റാരെക്കാളും ഭൂപതിയുടെ അഭിപ്രായങ്ങളാണ് സാനിയ ചെവിക്കൊള്ളുന്നതെന്നും മാധ്യമങ്ങള്‍ വിവരിക്കുന്നു. പ്രൊഫഷണല്‍ കാരണങ്ങള്‍ കൊണ്ടുതന്നെ ജീവിതത്തിലെ കൂടുതല്‍ സമയവും ഭൂപതിയുമായി സാനിയയ്ക്ക് ചെലവിടേണ്ടിവരുന്നുണ്ടെന്നും ബംഗ്ലൂരില്‍ ഭൂപതി നടത്തുന്ന ടെന്നീസ് അക്കാദമിയിലാണ് സാനിയ പരിശീലനം നടത്തുന്നതെന്നുമായിരുന്നു ഇതിനോട് ചേര്‍ത്തുവെച്ച മറ്റു കഥകള്‍.
2007ല്‍ ബാംഗ്ലൂരിലെ വിന്‍ഡ്സര്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ സാനിയയെയും ബോളിവുഡ് താരം ഷാഹിദ് കപൂറിനെയും ഒരുമിച്ച് കണ്ടെന്നും പിന്നീട് ഒരുചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിന് ശേഷം ഇരുവരും ഒരു ഹോട്ടലില്‍ സമയം ചെലവഴിച്ചതായും സാനിയയുമായി ഡേറ്റിംഗ് നടത്താറുണ്ടെന്ന ഷാഹിദിന്‍റെ സമ്മതവുമായിരുന്നു ഈ കഥയുടെ ചുരുക്കം. തെലുങ്ക് താരമായ നവ്ദീപ് പല്ലപോലുവുമായും ബന്ധപ്പെട്ട കഥകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു.
സിനിമാതാരങ്ങളാണ് മിക്കപ്പോഴും ഇത്തരം ഗോസിപ്പുവേട്ടകള്‍ക്ക് അധികവും ഇരയാകുന്നത്. സാധാരണക്കാരന്‍റെ കാഴ്ചപ്പാടില്‍ ഒരു മായിക ലോകത്തില്‍ കഴിയുന്ന ഇക്കൂട്ടരുടെ നിറം പിടിപ്പിച്ച കഥകള്‍ക്ക് പുറംലോകത്തില്‍ ആവശ്യക്കാരും ഏറെയാണ്. നമുക്ക് ചുറ്റുമുള്ള ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന അല്ലെങ്കില്‍ ഒരു ഓഫീസില്‍ സംഭവിക്കാവുന്ന സാധാരണമായ സൌഹൃദങ്ങള്‍ മാത്രമാകും ഇതില്‍ തൊണ്ണൂറു ശതമാനവും. എന്നാല്‍ മാധ്യമങ്ങളിലൂടെ ഈ കഥകള്‍ പുറം ലോകത്തെ ജനങ്ങളുടെ കൈകളിലേക്കെത്തുമ്പോള്‍ അതിന് മറ്റുമാനങ്ങള്‍ കല്‍പിക്കപ്പെടുന്നു.
ഒട്ടും അനുകരണീയമല്ലാത്ത ഒരു പാശ്ചാത്യ സംസ്കാരമാണ് ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പിന്തുടരുന്നത്. ബ്രട്ടീഷ് രാജകുമാരി ഡയാനയെ മരണത്തിലേക്ക് തള്ളിവിട്ട പാപ്പരാസിപ്പടയും അടുത്തിടെ ടൈഗര്‍ വുഡ്സിന്‍റെ വിവാഹേതര ബന്ധങ്ങള്‍ ചൂഴ്ന്നുനടന്ന മാധ്യമലോകവും ഏറ്റവുമൊടുവില്‍ സാനിയയുടെ കാമുകന്‍മാരെ തേടി നടക്കുന്ന ജേര്‍ണ്ണലിസ്റ്റുകളും തമ്മില്‍ വേഷത്തിലല്ലാതെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്ന് കാണാം.
courtesy:www.malayalam.webdunia.com
Subscribe to:
Post Comments (Atom)
COPYRIGHT LICENSE
KOCHANNA is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
പിറ്റേന്നിറങ്ങിയ ഒരു മുന്‍നിര ദേശീയ മാധ്യമത്തിന്‍റെ കായികം പേജില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും നിറഞ്ഞുനിന്നത് സാനിയയുടെ വാര്‍ത്തയായിരുന്നു. ഈ പേജിലെ പ്രധാന തലക്കെട്ടില്‍ പത്രം അന്വേഷിച്ചത് സാനിയയുടെ തീരുമാനത്തിന് കാരണമെന്തെന്നായിരുന്നു. പ്രത്യേക കോളങ്ങളായി തിരിച്ച ഉപതലക്കെട്ടുകളില്‍ ഗോസിപ്പും കരിയറും ഉള്‍പ്പെടെ ഈ പത്രസ്ഥാപനത്തിലെ വിദഗ്ധ റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണത്തില്‍ തെളിഞ്ഞ കാരണങ്ങളും നിരത്തുന്നു.ഒട്ടും അനുകരണീയമല്ലാത്ത ഒരു പാശ്ചാത്യ സംസ്കാരമാണ് ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പിന്തുടരുന്നത്
ReplyDeleteഒട്ടും അനുകരണീയമല്ലാത്ത ഒരു പാശ്ചാത്യ സംസ്കാരമാണ് ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ പിന്തുടരുന്നത്.
ReplyDelete- Very true!
And, the worst thing is, this has already become part of our media's culture. :(