Wednesday, May 26, 2010

ലൈല പാകിസ്‌താന്‍കാരി; വരാനിരിക്കുന്നത്‌ 'ബന്ധു'

നിഷ, കത്രീന, ലൈല... കേള്‍ക്കുമ്പോള്‍ സുന്ദരിമാരെന്നു തോന്നുമെങ്കിലും അത്രയൊന്നും സൗന്ദര്യം അവകാശപ്പെടാനില്ലാത്ത സംഹാരരുദ്രകളായ കൊടുങ്കാറ്റുകളുടെ പേരുകളാണിവ. എന്തിനാണ്‌ ജനങ്ങള്‍ക്ക്‌ ദുരിതം സൃഷ്‌ടിക്കുന്ന കൊടുങ്കാറ്റുകള്‍ക്ക്‌ സുന്ദരികളുടെ പേരു നല്‍കുന്നതെന്ന്‌ ഫെമിനിസ്‌റ്റുകള്‍ ചോദിച്ചാല്‍ അതിന്‌ ഉത്തരമില്ല. എന്നാല്‍ എങ്ങനെയാണ്‌ ഈ ഓരോ കൊടുങ്കാറ്റുകള്‍ക്കും ഓരേ പേര്‌ ലഭിക്കുന്നതെന്നു ചോദിച്ചാല്‍ അതിനു വ്യക്‌തമായ ഉത്തരം ഉണ്ട്‌ താനും. ലോക കാലാവസ്‌ഥ സംഘടനയും (ഡബ്ല്യുഎംഒ) എന്ന സംഘടനയുടെയും യുണൈറ്റഡ്‌ നേഷന്‍സ്‌ ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ്‌ ദി പസഫിക്‌ (എസ്‌കാപ്‌) എന്നീ സംഘടനകളുടെ കൃത്യമായ മേല്‍നോട്ടത്തിലാണ്‌ ഓരോ കൊടുങ്കാറ്റുകളും പിറവിയെടുക്കുന്നത്‌. ഓരോ കൊടുങ്കാറ്റിനും പേരിടാനുള്ള അവകാശം ഓരോ രാജ്യത്തിലും നിഷിപ്‌തമാണ്‌. ഉദാഹരണത്തിന്‌ ഏറ്റവും ഒടുവിലായി പിറവിയെടുത്ത കൊടുങ്കാറ്റ്‌ ലൈലയ്‌ക്ക് പേര്‌ സമ്മാനിച്ചത്‌ പാകിസ്‌താനാണ്‌. വടക്കന്‍ ഇന്ത്യനോഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്‌, ഇന്ത്യ, മാലദ്വീപ്‌, മ്യാന്‍മാര്‍, ഒമാന്‍, പാകിസ്‌താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌ എന്നിവര്‍ ചേര്‍ന്ന്‌ 64 പേരുകളാണ്‌ തയാറാക്കി നല്‍കിയിട്ടുളളത്‌. ഇവയില്‍നിന്ന്‌ ഊഴം അനുസരിച്ചാണ്‌ ഇപ്പോള്‍ പേരുകള്‍ നല്‍കുന്നത്‌.
സാങ്കേതികമായ പേരുകള്‍ നല്‍കുന്നതിനു പകരം ഇത്തരം ആകര്‍ഷകമായ പേരുകള്‍ നല്‍കിയാല്‍ പെട്ടെന്ന്‌ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാമെന്നും അതുവഴി മുന്നറിയിപ്പുകളും മറ്റും പെട്ടെന്നു നല്‍കാമെന്നതുമാണ്‌ പ്രത്യേകത. അപകടകരമായ കൊടുങ്കാറ്റുകള്‍ക്കാണ്‌ പേരു നല്‍കുക. പേരു നല്‍കിയിട്ടുള്ള കൊടുങ്കാറ്റുകള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കു നഷ്‌ടപരിഹാരം ലഭിക്കുകയും ചെയ്യും. അവസാനമായി പേരിട്ട ആറ്‌ കൊടുങ്കാറ്റുകള്‍ നിഷ (ബംഗ്ലാദേശ്‌), ബിജ്‌ലി (ഇന്ത്യ), അയ്‌ല (മാലദ്വീപ്‌), ഫ്യാന്‍ (മ്യാന്‍മാര്‍), വാര്‍ഡ്‌ (ഒമാന്‍), ലൈല (പാകിസ്‌താന്‍) എന്നിവയാണ്‌. ഇനിയൊരു കാറ്റ്‌ വീശുമ്പോള്‍ അതിനു നല്‍കാനുള്ള പേരും റെഡിയാണ്‌. ബന്ധു. ശ്രീലങ്കയാണ്‌ ഈ പേര്‌ നല്‍കിയിരിക്കുന്നത്‌. തായ്‌ലന്‍ഡ്‌ പേരിട്ടിരിക്കുന്ന ഫെറ്റ്‌ ആണ്‌ ബന്ധുവിനു ശേഷം വീശാനൊരുങ്ങിയിരിക്കുന്നത്‌. കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ ഇനി ബന്ധുവിനായി കാത്തിരിക്കുകയാകും.

Saturday, May 22, 2010

മംഗലാപുരം വിമാനാപകടം ദുരന്തകഥ ഇതുവരെ.....

ദുബായ്‌ എയര്‍പോര്‍ട്ട് സമയം പുലര്‍ച്ചെ 1.10 എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം 166 യാത്രക്കാരേയും വഹിച്ച്‌ റണ്‍വെ വിട്ടു. രാത്രി ഭക്ഷണം കഴിച്ച്‌ അല്‍പം സൊറ പറഞ്ഞും, ചിരിച്ചും ചിലര്‍ അല്‍പം മയക്കത്തിലേക്കും ചിലര്‍ ഗാഢനിദ്രയിലേക്കും അകപ്പെട്ടു. പുലര്‍ച്ചെ 6.30 മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള വനനിബിഢമായ കുന്നിന്‍ ചെരുവിനു മുകളില്‍ വിമാനം ലാന്റിംഗിന്‌ സജ്ജമായി. മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ വിമാനത്തിലുള്ളവരെല്ലാം കാല്‍മുഖം കഴുകി പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. പൊടുന്നനെ വിമാനത്തില്‍ നിന്നും അറിയിപ്പ്‌ വന്നു. ഗുഡ്‌മോണിംഗ,്‌ വിമാനം മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയാണ്‌. സീറ്റ്‌ ബെല്‍ട്ട്‌ മുറുക്കി എല്ലാ യാത്രക്കാരും റെഡിയായിരിക്കുക. പെട്ടെന്ന്‌ വിമാനത്തില്‍ നിന്നും എന്തോ പൊട്ടുന്ന ശബ്‌ദം കേട്ടു. ടയര്‍ പൊട്ടിയതാണൊ ? ബ്രേക്ക്‌ പൊട്ടിയതാണോ ? ആളുകള്‍ വിമാനത്തിനകത്തു നിന്നും പരസ്‌പരം ഒച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നെ, കുട്ടികളുടെ നിലവിളി. തുടര്‍ന്ന്‌ മുതിര്‍ന്നവരുടേയും. അപ്പോഴേക്കും വിമാനം കാടുമൂടിയ കുന്നിന്‍ പ്രദേശത്ത്‌ വലിയ ശബ്‌ദത്തോടെ തട്ടി താഴെവീഴുകയായിരുന്നു. രക്ഷപ്പെട്ടവരുടെ ഗദ്‌ഗദ കണ്‌ഠത്തില്‍ നിന്നും വന്ന വാക്കുകളാണിവ.

പച്ചമരങ്ങള്‍ നിന്നു കത്തുകയാണ്‌. വിമാന അവശിഷ്‌ടങ്ങള്‍ക്കൊപ്പം കത്തി കരിഞ്ഞ ജഡങ്ങള്‍ തലങ്ങും വിലങ്ങും തെറിച്ചു വീണു. നിശേഷം കരിയാത്ത ഒരു ജഡവുമില്ല. ആരെയും തിരിച്ചറിയാന്‍ പറ്റാത്ത വിധം കരിഞ്ഞ്‌ പോയിരിക്കുന്നു 160 പേരുടെയും ശരീരം. വിമാനത്താവളത്തില്‍ നിന്നും ഉടനടി സന്ദേശം പലദിക്കിലായി പോയി. വിമാനത്താവളത്തില്‍ ഉറ്റവരേയും ഉടയവരേയും കാത്തു നില്‍ക്കുന്നവര്‍ വിളിപ്പാടകലെ നടന്ന സംഭവമറിയാതെ നടുങ്ങിയിരിക്കുകയാണ്‌. അവര്‍ക്കൊന്നറിയാം വിമാനത്തിന്‌ എന്തോ സംഭവിച്ചിട്ടുണ്ട്‌. മണിക്കൂറുകള്‍ക്കകം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വന്നു. വന്ന ബസുകളിലും, കാറുകളിലും അവര്‍ അങ്ങോട്ടോടി. കാര്യങ്ങള്‍ കാണാനുള്ള ശേഷി അവര്‍ക്കുണ്ടായില്ല. കണ്ടവയെല്ലാം അവിശ്വസനീയം. എവിടെയും കരിഞ്ഞ മാംസത്തിന്റെ മണം മാത്രം. ഓരോരുത്തരായി തങ്ങളുടെ ഇഷ്‌ട മുഖങ്ങള്‍ തേടി നടന്നു. കണ്ടവര്‍ അടക്കാനാവാത്ത വേദനയോടെ നെഞ്ചുപൊട്ടി കരഞ്ഞു. കുരുന്നുകളുടെ പ്രാണനറ്റ ശരീരം. കാഴ്‌ച്ചകള്‍ കാണാന്‍ ആര്‍ക്കും മനസ്സു വരില്ല.

കനത്തമഴ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമായി. സുരക്ഷാ സേന സമീപത്തെ കാടു വളഞ്ഞ്‌ മതില്‍ തീര്‍ത്തു. ഉദുമയിലെ മാഹിന്‍, തളങ്കരയിലെ ഇബ്രാഹിം ഖലീല്‍, മേല്‍പ്പറമ്പിലെ ഹസൈന്‍, നെല്ലിക്കുന്നിലെ സിദ്ദിഖ്‌ തുടങ്ങി 160 ല്‍ 45 മലയാളികള്‍. ഇതില്‍ 25 പേര്‍ കാസര്‍കോട്ടുകാര്‍. വന്നവര്‍ വന്നവര്‍ മൊബൈല്‍ ഫോണിലും, ലാന്റ്‌ ഫോണിലും വിളിച്ച്‌ ബന്ധുമിത്രാധികളെ അറിയിക്കുകയാണ്‌. വിമാനം കത്തി ഉപ്പ പോയി, ഉമ്മ പോയി, മകന്‍ പോയി ചിലര്‍ക്കൊന്നും പറയാന്‍ കഴിയുന്നില്ല.

അങ്ങേ തലയ്‌ക്കില്‍ നിന്നും കൂട്ട നിലവിളി. കിട്ടിയ വാഹനം പിടിച്ച്‌ കേട്ടവര്‍ കേട്ടവര്‍ മംഗലാപുരത്തേക്ക്‌. ആളുകളുടെ വരവും അന്വേഷണങ്ങളും കോലാഹലമായപ്പോള്‍ ബജ്‌പെ എയര്‍പോര്‍ട്ട്‌ താത്‌കാലികമായി അടച്ചിട്ടു.

ഇത്രയും വേദനാജനകമായ ഒരു ദുരന്ത കാഴ്‌ച്ച കര്‍ണ്ണാടകക്കാരും മലയാളികളും കണ്ടിട്ടുണ്ടാവില്ല. ഈ ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ ആറ്‌ പേര്‍. ആയുസിന്റെ ബലം കൊണ്ട്‌ ഇവര്‍ മംഗലാപുരം വെന്‍ലോക്ക്‌, എസ്‌.ഇ.എസ്‌ എന്നീ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇതില്‍ രണ്ട്‌ മലയാളികള്‍, ബാക്കി കര്‍ണ്ണാടകക്കാരും. സാബിറിന്‍, ഫാറൂഖ്‌, മുഹമ്മദ്‌ കുഞ്ഞി, റിജോയ്‌ പ്രതാപ്‌ ഡിസൂസ, കിഷോര്‍, പ്രദീപ്‌. ഇവരില്‍ മൂന്ന്‌ പേരുടെ നില അതീവ ഗുരുതരമാണ്‌. 137 മുതിര്‍ന്നവര്‍. 19 കുട്ടികള്‍. നാല്‌ കൈക്കുഞ്ഞുങ്ങള്‍. ആറ്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.

മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷവും. അപകടത്തില്‍ പെട്ടവര്‍ക്ക്‌ 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫൂല്‍ പട്ടേല്‍ കേരള മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വിമാനാപകടം സംബന്ധിച്ച കാരണങ്ങള്‍ വ്യോമയാന വകുപ്പ്‌ ഇനിയും പുറത്തു വിട്ടിട്ടില്ല. അപകട കഥ ഇപ്പോഴും ഊഹാപോഹങ്ങളിലാണ്‌. റണ്‍വേയിലെ തകരാറ്‌, വിമാനത്തിന്റെ ടയര്‍ പൊട്ടിയത്‌, ബ്രേക്ക്‌ അപകടം ഒന്നും തിരിച്ചറായാനാവാത്ത വിധം കാരണങ്ങള്‍ വ്യക്തമാക്കുന്നില്ല. അപകട കഥ അറിയണമെങ്കില്‍ ഇനിവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ പരിശോധിക്കണം. ഇതിനായി കേന്ദ്ര വ്യോമയാന വകുപ്പ്‌ അന്വേഷണ സംഘം മംഗലാപുരത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.
courtesy:www.kasaragodvartha.com 

Tuesday, May 4, 2010

ചില തത്സമയ ചാനല്‍ സാഹസങ്ങള്‍!

ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നതെത്ര ശരിയാണെന്നത് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ കണ്ടപ്പോള്‍ ഒടുവില്‍ ബോധ്യമായി. വിലക്കയറ്റം, പണപ്പെരുപ്പം, ഖണ്ഡനോപക്ഷേപം, ലളിത് മോഡി, ഹര്‍ത്താല്‍, പി ജെ ജോസഫ് വാര്‍ത്താ ചാനലുകള്‍ക്ക് വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാത്ത വ്യാഴാഴ്ച മലയാ‍ളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ വലിയൊരു സാഹസം ചെയ്തു.
എട്ടു മാസമായി ഒരു കിണറില്‍ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന പട്ടിയെയും കോഴിയേയും പുറത്തെത്തിക്കാന്‍ ചാനലിലെ രണ്ട് ജേണലിസ്റ്റുകള്‍ ക്യാമറക്കാരനെയും കൂട്ടി ‘നേരോടെ നിരന്തരം നിര്‍ഭയം’ രംഗത്തിറങ്ങി. ഫയര്‍ഫോഴ്സും നാട്ടുകാരും എല്ലാം ചാനലില്‍ മുഖം കാണിക്കാനുളള ആവേശത്തില്‍ ആര്‍പ്പുവിളികളുമായി ജേര്‍ണലിസ്റ്റുകളെ പ്രോത്സാഹിപ്പിച്ചതോടെ അത് തത്സമയ സം‌പ്രേക്ഷണം ചെയ്യാതെ ചാനലിന് നിവൃത്തിയില്ലെന്നായി!
ഒടുവില്‍ ഒരു ബുള്ളറ്റിനില്‍ മുഴുവന്‍ പട്ടിയെയും കോഴിയെയും പുറത്തെത്തിക്കാനുള്ള ശ്രമം തത്സമയം സം‌പ്രേക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ ശരിക്കും പരീക്ഷിച്ചു. കൂടിപ്പോയാല്‍ ഒരു ബുള്ളറ്റിനിലെ രസകരമായ രണ്ട് മിനിറ്റ് വാര്‍ത്തയില്‍ ഒതുങ്ങേണ്ട ഒരു സംഭവത്തെയാണ് എക്സ്ക്ലൂസീവായി അരമണിക്കൂര്‍ സം‌പ്രക്ഷണം ചെയ്ത് ചാനല്‍ പ്രേക്ഷകരെ കളിയാക്കിയത്.
ജേര്‍ണലിസ്റ്റുകളുടെ ആകാംക്ഷയും പ്രേക്ഷകരുടെ ക്ഷമയും അതിന്‍റെ ഉച്ചസ്ഥായിലെത്തിയ നിമിഷം ഫയര്‍ഫോഴ്സ് അതിസാഹസികമായി പട്ടിയെയും കോഴിയെയും പുറത്തെടുത്തു. കൂടി നിന്ന ജനക്കൂട്ടവും ലേഖികയും ഒരുപോലെ ആര്‍പ്പു വിളിച്ചു. തത്സമയം ചാനലിലൂടെ കണ്ടു നിന്ന പ്രേക്ഷകര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ‘നായയെ ഇതാ പുറത്തെടുത്ത് കഴിഞ്ഞിരിക്കുന്നു. അവന്‍ വളരെ ക്ഷീണിതനാണ്’ എന്ന് ജേര്‍ണലിസ്റ്റുകളിലൊരാള്‍ പറഞ്ഞത് പരിപാടി കണ്ടിരിക്കുന്നവരില്‍ ചിരിയുണര്‍ത്തിയിരിക്കുമെന്ന് തീര്‍ച്ച.
പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലെന്നും മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ അത് വാര്‍ത്തയാണെന്നും ജേര്‍ണലിസം ക്ലാസുകളിലെ പ്രാഥമിക പാഠമാണ്. എന്നാല്‍ ടെലിവിഷന്‍ യുഗത്തില്‍ പട്ടി കിണറില്‍ വീണാലും വാര്‍ത്തയാണെന്ന് ചാനല്‍ തെളിയിച്ചു.
എന്താണ് വാര്‍ത്തയാകുന്നത് എന്താണ് വാര്‍ത്തയാകേണ്ടതെന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന പ്രമുഖ ചാനലുകള്‍ കേരളത്തെ കണ്ടെത്തുന്നത് ഇങ്ങനെയായത് പ്രേക്ഷകരുടെ വിധിയെന്നല്ലാതെ എന്ത് പറയാന്‍. സഹജീവികളോടുളള സഹാനുഭൂതിയെന്ന് പറയാമെങ്കിലും ഇത് കുറച്ചു കടന്നു പോയില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
courtesy:www.malayalam.webdunia.com